തിരുവനന്തപുരം : അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് കൊച്ചിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരം ഹാജരായ പി.സി. ജോര്‍ജിനെ പാലാരിവട്ടം പോലീസ് ആണ് കസ്റ്റഡിയില്‍ എടുത്തത്. ഡിസിപിയുടെ വാഹനത്തില്‍ പാലാരിവട്ടം സ്റ്റേഷനില്‍നിന്നു കൊണ്ടുപോയ പി.സി. ജോര്‍ജിനെ എറണാകുളം എ.ആര്‍. ക്യാംപിലെത്തിച്ചിരുന്നു.
തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ജാമ്യം റദ്ദാക്കിയതിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. വെണ്ണലയില്‍ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പാലാരിവട്ടം പോലീസിന്റെ നോട്ടീസ് പി.സി.ജോര്‍ജ് കൈപ്പറ്റിയിരുന്നു.