ഡൽഹി: കേരളത്തിലേക്ക് പോകാൻ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്ക് സുപ്രീം കോടതി അനുമതി. കൊല്ലത്തെ കുടുംബവീട്ടിലെത്തി പിതാവിനെ കാണാം. കൊല്ലം പൊലീസ് റിപ്പോർട്ട് ചെയ്യണമെന്നും കോടതി അറിയിച്ചു. ജാമ്യ വ്യവസ്ഥയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് മഅദനി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കേരളത്തിലേക്ക് പോകാൻ നേരത്തെ സുപ്രീം കോടതി ഇളവ് നൽകിയിരുന്നെങ്കിലും പിതാവിനെ കാണാൻ കഴിയാതെ മടങ്ങിയെന്നും കേരളത്തിലേക്ക് പോകാൻ വീണ്ടും അനുമതി നൽകണമെന്നുമായിരുന്നു മഅദനിയുടെ ആവശ്യം.
ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്നും മഅദനി ആവശ്യപ്പെട്ടു. അതുപോലെ തന്റെ സുരക്ഷാ മേൽനോട്ടം കേരള പൊലീസിനെ ഏൽപിക്കണമെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മഅദനി ആവശ്യപ്പെട്ടു. കർണാടക സർക്കാരിന്റെ ചെലവ് താങ്ങാനാകുന്നില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. മൂന്നു മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീം കോടതി മഅദനിയുടെ ജാമ്യവ്യവസ്ഥയിൽ അനുവദിച്ചിരുന്നെങ്കിലും കർണാടക പൊലീസിന്റെ ചെലവ് താങ്ങാനാകാത്തതിനാൽ കഴിഞ്ഞ മാസം 26നാണ് മഅദനി കേരളത്തിലെത്തിയത്.
തുടർന്ന് ജൂലൈ ആറിന് തിരികെ പോകുകയും ചെയ്തു. രോഗാവസ്ഥയിലുള്ള പിതാവിനെ കാണാനാണ് മഅദനി കേരളത്തിലെത്തിയത്.മഅദനിക്കു ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ദീർഘദൂര യാത്ര അനുവദിക്കാൻ കഴിയില്ലെന്നുമുള്ള മെഡിക്കൽ സംഘത്തിന്റെ നിർദേശത്തെ തുടർന്നാണ് കൊല്ലത്ത് എത്തി പിതാവിനെ കാണാനുള്ള ശ്രമം ഉപേക്ഷിച്ചത്. മഅദനിയുടെ പിതാവിനെ കൊച്ചിയിൽ എത്തിക്കാൻ ആലോചനയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ അനാരോഗ്യം മൂലം അതും കഴിഞ്ഞില്ല.