തൃശൂര്‍ : യുവതിയും യുവാവും സഞ്ചരിച്ചിരുന്ന ബൈക്കില്‍ പറന്നു വന്ന മയില്‍ ഇടിച്ച് അപകടം യുവാവ് മരിച്ചു. പുന്നയൂര്‍ക്കുളം പീടികപറമ്പില്‍ മോഹനന്റെ മകന്‍ പ്രമോസ് (34) ആണ് മരിച്ചത്. ഭാര്യ വീണക്ക് (26)പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ റോഡ് മുറിച്ചു പറന്ന മയില്‍ പ്രമോസിന്റെ നെഞ്ചില്‍ വന്നിടിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്.
ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ചെന്നിടിക്കുകയായിരുന്നു. ഇവരുടെ ബൈക്ക് മറ്റൊരു ബൈക്കിനേയും ഇടിച്ചു തെറിപ്പിച്ചു. അയ്യന്തോള്‍-പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലാണ് അപകടമുണ്ടായത്. തൃശൂര്‍ മാരാര്‍ റോഡിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരനാണ് പ്രമോസ്. നാല് മാസം മുമ്പായിരുന്ന വിവാഹം. ബൈക്കിലിടിച്ച മയിലും ചത്തു. മയിലിന്റെ ജഡം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി.