ദുബായ്: ഓടുന്ന വാഹനത്തിന്റെ സണ്‍റൂഫ്, വിന്‍ഡോ എന്നിവയിലൂടെ തല പുറത്തിടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബായിലേയും അബുദാബിയിലേയും പോലീസ്. സണ്‍റൂഫില്‍ നിന്ന് തല പുറത്തേക്കിടാനോ വിന്‍ഡോയില്‍ ഇരിക്കാനോ യാത്രക്കാരെ അനുവദിക്കരുതെന്ന് ദുബായിലെയും അബുദാബിയിലെയും പോലീസ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇങ്ങനെ ചെയ്താല്‍ 2000 ദിര്‍ഹം പിഴയൊടുക്കേണ്ടി വരും. നിയമലംഘകര്‍ക്ക് ഇത് കൂടാതെ ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കല്‍, 2000 ദിര്‍ഹം പിഴ, 23 ബ്ലാക്ക് ട്രാഫിക് പോയിന്റുകള്‍ എന്നിവ ഉള്‍പ്പെടെ കടുത്ത ശിക്ഷകള്‍ നേരിടേണ്ടി വരും. കണ്ടുകെട്ടിയ വാഹനം വിട്ടുനല്‍കുന്നതിന് 50000 ദിര്‍ഹം വരെ ചിലവാകും. ഓടുന്ന വാഹനങ്ങളില്‍ നിന്ന് വീണ് ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നത് കൂടിയതോടെയാണ് പോലീസ് നടപടി.
ഇത്തരം പ്രവൃത്തികള്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് മാത്രമല്ല, മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവനും അപകടമുണ്ടാക്കുമെന്ന് ദുബായ് പോലീസിലെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു. അബുദാബി പോലീസിന്റെ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍സും വാഹനമോടിക്കുന്നവരോട് ട്രാഫിക് നിയമങ്ങളും പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങളും പാലിക്കണമെന്ന് ആഹ്വാനം ചെയ്തു. ഓടുന്ന വാഹനങ്ങളുടെ വിന്‍ഡോയില്‍ ഇരിക്കുന്നതും സണ്‍റൂഫില്‍ നിന്ന് തല പുറത്തിടുന്നതും അപകടകരമായ പെരുമാറ്റങ്ങളാണെന്നും വാഹനം പെട്ടെന്ന് നിര്‍ത്തുകയോ കൂട്ടിയിടിക്കുകയോ ചെയ്താല്‍ അത് ഗുരുതരമായ പരിക്കുകള്‍ക്ക് കാരണമാകുമെന്നും അല്‍ മസ്‌റൂയി പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ എതിരെ വരുന്ന ഗതാഗതത്തിനും ഭീഷണിയായേക്കാം. ഇത് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു. ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കുക എന്നത് സംയുക്ത ഉത്തരവാദിത്തമാണെന്നും ഇതിന് പോലീസിന്റെയും സമൂഹത്തിന്റെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പല അപകടങ്ങളും ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതിന്റെ ഫലവും തടയാന്‍ കഴിയുന്നതുമാണ്. അപകടകരമായ ഡ്രൈവിംഗിന് ദുബായില്‍ കഴിഞ്ഞ വര്‍ഷം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് 1183 നിയമലംഘനങ്ങള്‍ രേഖപ്പെടുത്തുകയും 707 വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തു.