കോട്ടയം : കേന്ദ്ര സര്‍ക്കാരിന്റെ നാഷനല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാം അനുസരിച്ച് കേരളത്തില്‍ 6.88 ലക്ഷം പേര്‍ക്കു കൂടി പെന്‍ഷന്‍ നല്‍കാന്‍ തീരുമാനം. തദ്ദേശസ്ഥാപനങ്ങളില്‍ പെന്‍ഷന് അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നവര്‍ക്കു പ്രതീക്ഷ നല്‍കുന്നതാണ് ഈ തീരുമാനം. കേരളത്തില്‍ 6,88,329 പേര്‍ക്കു കൂടി ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍ എന്നിവ നല്‍കാനാണു തീരുമാനം. അര്‍ഹരായവരുടെ പേരുകള്‍ കൈമാറാന്‍ സംസ്ഥാനത്തോട് കേന്ദ്രം ആവശ്യപ്പെട്ടു.
60 വയസ്സ് മുതല്‍ 79 വരെയുള്ളവര്‍ക്കാണു വാര്‍ധക്യ പെന്‍ഷന് അര്‍ഹത. 80 വയസ്സിനു മുകളിലുള്ളവര്‍ക്കു പ്രത്യേക പെന്‍ഷന്‍ കൂടി ലഭിക്കും. 1995 ഓഗസ്റ്റ് 15 മുതല്‍ നിലവിലുള്ള കേന്ദ്ര പെന്‍ഷന്‍ പദ്ധതിയാണിത്. ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ക്ക് ലഭ്യമാക്കുകയാണ് ചെയ്യുന്നത്. 300 രൂപയാണു പെന്‍ഷന്‍ തുക. അതതു തദ്ദേശസ്ഥാപനം പെന്‍ഷന് അര്‍ഹരായവരെ കണ്ടെത്തും.