തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ നടപടി മരവിപ്പിച്ച മന്ത്രിസഭാ തീരുമാനം സ്വാഗതം ചെയ്ത് എഐവൈഎഫ്. എന്നാല്‍ മരവിപ്പിച്ചാല്‍ പോരെന്നും നടപടി പൂര്‍ണമായി പിന്‍വലിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പെന്‍ഷന്‍ പ്രായത്തില്‍ ഒളിച്ചു കടത്തലിനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്ന് ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചാല്‍ പോര, പൂര്‍ണമായി പിന്‍വലിക്കണം. ഭൂരിപക്ഷമുള്ളത് കൊണ്ട് എന്തും ചെയ്യാമെന്ന തോന്നല്‍ പാടില്ല. യുവജനങ്ങളുടെ രോഷമാണ് ഫലം കണ്ടത്. സര്‍ക്കാരിനെതിരെ സമരരംഗത്ത് ഇറങ്ങിയ യുവാക്കളെ അഭിവാദ്യം ചെയ്യുന്നു. സംസ്ഥാന സര്‍ക്കാരിന്റേത് ബുദ്ധിശൂന്യമായ തീരുമാനമായിരുന്നുവെന്നും യുവജന രോഷം അത് ബോധിപ്പിച്ചെന്നും എംഎല്‍എ പറഞ്ഞു. ആലോചനയില്ലാതെ എടുക്കുന്ന തീരുമാനങ്ങള്‍ ആണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര എന്നും ഷാഫി പരിഹസിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയെ എഐവൈഎഫ് സ്വാഗതം ചെയ്യുന്നുവെന്ന് വാര്‍ത്താക്കുറിപ്പിലൂടെ നേതാക്കള്‍ വ്യക്തമാക്കി. ഇടതുപക്ഷ നയത്തിന്‍റെ വിജയമാണിതെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്താവനയില്‍ പറഞ്ഞു.