കോഴഞ്ചേരി : ചെങ്ങന്നൂര്‍ പമ്പ ശബരി റെയില്‍വേ പദ്ധതിക്കെതിരേ ജനങ്ങള്‍.
ഹെലികോപ്‌റ്റര്‍ ആകാശത്ത് വട്ടമിട്ട് പറന്നപ്പോള്‍ നാട്ടുകാര്‍ക്ക് ആശങ്കയുമായി. സര്‍വേയുടെ ഭാഗമായാണ് ചെങ്ങന്നൂര്‍ മുതല്‍ ആറന്മുള, കോഴഞ്ചേരി, റാന്നി വരെ ഏറെ നേരം ചോപ്പര്‍ വട്ടം ചുറ്റി പറന്നത്. ചെങ്ങന്നൂരില്‍ നിന്ന് ആരംഭിച്ച സര്‍വേയും മണ്ണ് പരിശോധനയും ആറന്മുള വഴി കഴിഞ്ഞ ദിവസം കോഴഞ്ചേരി കടന്നിരുന്നു. ഇത് പലയിടത്തും ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലങ്ങളിലൂടെ ആണ് കടന്നു പോകുന്നതെന്ന് ആരോപിച്ച് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തിറങ്ങി. അതിനിടെയാണ് ഏരിയല്‍ സര്‍വേ നടത്തിയത്. ചെങ്ങന്നൂര്‍ – പമ്പ ആകാശ പാത ലൊക്കേഷന്‍ സര്‍വേയുടെ ഭാഗമായി ഹെലികോപ്‌ടര്‍ ഉപയോഗിച്ചുള്ള ലിഡാര്‍ സര്‍വേ ആണ് നടന്നതെന്ന് അധികൃതര്‍ അറിയിച്ചു.
ഹൈദരാബാദ് ആസ്ഥാനമായ ഏജന്‍സി നടത്തിയ ആദ്യ സര്‍വേയില്‍ മേഘം തടസം സൃഷ്‌ടിച്ചിരുന്നു. കൃത്യമായ രേഖാ ചിത്രം ലഭിക്കാതിരുന്നത് മൂലമാണ് വീണ്ടും ഹെലികോപ്‌ടര്‍ പറത്തിയത്. സര്‍വേയിലൂടെ ചെങ്ങന്നൂര്‍ – പമ്പ ദൂരം കുറയ്‌ക്കാന്‍ ശ്രമിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ നിന്നും തുടങ്ങി ആറന്മുള, കോഴഞ്ചേരി, അയിരൂര്‍, വടശേരിക്കര വഴി പമ്പയിലേക്ക് ആകാശ പദ്ധതിയായിട്ടാണ് ശബരി റെയില്‍ പ്രഖ്യാപിച്ചത്. വേഴാമ്പല്‍ പദ്ധതി ആയി പ്രഖ്യാപിച്ചതും പിന്നീട് മെട്രോമാന്‍ ഇ. ശ്രീധരന്‍ പരിശോധിച്ചതും ഇതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന സര്‍വേ പ്രകാരം പമ്പാ തീരത്തു നിന്നും മൂന്ന് കിലോമീറ്റര്‍ അകലത്തിലാണ് ലൈന്‍ കടന്നു പോകുന്നത്. പരമാവധി ജനവാസ മേഖല ഒഴിവാക്കി പോകുന്ന പാതയാണെന്ന് അറിയിച്ചിട്ടും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് കൂടി പാതയ്‌ക്കായി പരിശോധനയ്‌ക്കായി നടത്തുന്നത് പ്രതിഷേധാര്‍ഹമാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്.