ദില്ലി : ജനങ്ങൾക്ക് കുടിക്കാൻ ശുദ്ധ ജലമോ താമസിക്കാൻ വീടോ ഇല്ലാത്ത സാഹചര്യത്തിൽ സൈക്കിൾ ട്രാക്കുകളെക്കുറിച്ച് ദിവാസ്വപ്നം കാണുകയാണോയെന്ന് സുപ്രീംകോടതി. രാജ്യത്ത് പ്രത്യേക സൈക്കിൾ ട്രാക്കുകൾ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം. ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസ് അഭയ് എസ് ഓക, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സൈക്ലിങ് പ്രൊമോട്ടർ ദേവീന്ദർ സിങ് നാഗിയാണ് പൊതുതാല്പര്യ ഹർജി സമർപ്പിച്ചത്. ഏതെങ്കിലും ഒരു ചേരിപ്രദേശത്ത് പോയി അവിടെ ജനങ്ങൾ താമസിക്കുന്ന സാഹചര്യം മനസിലാക്കാൻ കോടതി ഹർജിക്കാരനോട് ആവശ്യപ്പെട്ടു. ജനങ്ങൾക്ക് പാർപ്പിടം, ആശുപത്രികൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും നൽകാൻ സർക്കാരുകൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഇങ്ങനെയൊരു നിർദേശം എങ്ങനെ സാധ്യമാക്കുമെന്നും കോടതി ചോദിച്ചു. നമ്മുടെ മുൻഗണനകൾ തെറ്റിപ്പോവുകയാണ്.
ഭരണഘടനയുടെ ആർട്ടിക്കിൾ 21നെക്കുറിച്ച് നമ്മൾ കൂടുതൽ ആശങ്കപ്പെടണം. സർക്കാർ സ്‌കൂളുകൾ അടച്ചു പൂട്ടുകയാണ്. അപ്പോഴാണോ നിങ്ങൾക്ക് സൈക്കിൾ ട്രാക്കുകൾ ആവശ്യമെന്നും സുപ്രീം കോടതി ചോദിച്ചു. നടപ്പാതകൾ ഓരോ പൗരന്റെയും മൗലികാവകാശമാണെന്ന് കോടതികൾ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും എന്നാൽ ഇന്ത്യൻ സാഹചര്യത്തിൽ നിർബന്ധിത സൈക്കിൾ ട്രാക്കുകൾ സാധ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇത്തരം ആവശ്യങ്ങൾ ഒരിക്കലും അനുവദിക്കാനാവില്ല. ഇത് എങ്ങനെ സാധ്യമാകും? എല്ലാ നഗരങ്ങളിലും സൈക്കിൾ ട്രാക്ക് ഉണ്ടാകണമെന്ന് ആവശ്യപ്പെടുന്നതിലൂടെ നിങ്ങൾ ഇന്ത്യയെ ഒരു യൂറോപ്യൻ രാജ്യവുമായി താരതമ്യം ചെയ്യുകയാണ്”-ജസ്റ്റിസ് ഓക പറഞ്ഞു.