ജനീവ : കൊറോണ വ്യാപന സാഹചര്യത്തില്‍ മാസ്ക് ധരിക്കുന്നത് സംബന്ധിച്ച നയത്തില്‍ മാറ്റം വരുത്തി ലോകാരോഗ്യ സംഘടന. മാസ്ക് ധരിക്കുന്നത് വഴി മൂക്കിലൂടെയും വായിലൂടെയുമുള്ള സ്രവങ്ങളിലൂടെ പകരുന്ന കൊറോണ വ്യാപനം തടയാന്‍ കഴിയുമെന്നതിന് തെളിവ് ലഭിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അറുപത് കഴിഞ്ഞവരും ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരും മെഡിക്കല്‍ മാസ്ക് ധരിക്കണം. നേരത്തെ അസുഖ ബാധിതര്‍ മാത്രം മാസ്ക് ധരിച്ചാല്‍ മതിയെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ നിലപാട്. പൊതുജനങ്ങള്‍ മാസ്ക് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കണമെന്നും ഡബ്ലുഎച്ച്‌ഒ അറിയിച്ചു.
ലോകാരോഗ്യ സംഘടന നേരിട്ട് സാമ്പത്തിക സഹായമെത്തിച്ച ഒരു പഠനത്തിന്റെ റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അമേരിക്ക, കാനഡ, ലണ്ടന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നായി 12 യൂണിവേഴ്‌സിറ്റികളില്‍ നിന്നും പ്രമുഖ ആശുപത്രികളില്‍ നിന്നുമുള്ള വിദഗ്ധരും ഗവേഷകരും ചേര്‍ന്നാണ് കൊറോണ വൈറസ് വെല്ലുവിളി തുടരുന്ന സാഹചര്യത്തില്‍ മാസ്‌കിന്റെ പ്രാധാന്യത്തെ കുറിച്ച് പഠനം നടത്തിയത്. പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് ഇതിന്റെ വിശദാംശങ്ങള്‍ വന്നത്. എല്ലാവരും മാസ്‌ക് ധരിച്ച് പുറത്തിറങ്ങുന്നത് കൊണ്ട് കൊറോണ വ്യാപനത്തെ ഫലപ്രദമായി തടയാനാകുമെന്നായിരുന്നു ഇവരുടെ കണ്ടെത്തല്‍. മാസ്‌ക് അത്രമാത്രം പ്രയോജപ്പെടുന്നില്ലെന്നും രോഗം പടരുന്നത് തടയില്ലെന്നുമുള്ള പ്രചാരണങ്ങളെയെല്ലാം ഈ പഠനം തള്ളിക്കളഞ്ഞിരുന്നു.