പത്തനംതിട്ട : മലയാലപ്പുഴ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും വന്യമൃഗങ്ങളുടെ ശല്യം മൂലം ജനങ്ങൾ ഭീതിയിലും വളരെയധികം ബുദ്ധിമുട്ടിലുമാണെന്നും ഇതിന് അടിയന്തിര പരിഹാരം വേണമെന്നും മലയാലപ്പുഴ മണ്ഡലം കോൺഗ്രസ് നേതൃയോഗം സർക്കാരിനോടും ബന്ധപ്പെട്ട വനം, റവന്യു വകുപ്പ് അധികൃതരോടും ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച്ചയിൽ വടക്കുപുറം ശങ്കരത്തിൽ പടി, ഇന്ദിരാ ജംഗ്ഷൻ എന്നിവിടങ്ങളിൽ പുലിയുടെ സാന്നിദ്ധ്യം കണ്ടതും ഇന്നലെ കിഴക്കുപുറം ഈസ്റ്റ് മുക്കിൽ ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ കൂട്ടമായി എത്തിയതും വനപാലകർ എത്തി ഇവയെ ആകാശത്തേക്ക് വെടിവച്ചും പടക്കം പൊട്ടിച്ചും കാട്ടിലേക്ക് തുരത്തിയതും ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണെന്നും കോൺഗ്രസ് യോഗം ചൂണ്ടിക്കാട്ടി.
കാട്ടുപന്നികൾ കുരങ്ങുകൾ, മലയണ്ണാൻ എന്നിവ വ്യാപകമായി കൃഷി നശിപ്പിക്കുന്നതുമൂലം കർഷകർക്ക് വൻ നഷ്ടവും കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയിലുമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇതിന് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നല്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി. ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം നേതൃയോഗം യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ദിലീപ്കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ വി.സി ഗോപിനാഥപിള്ള, ബിജിലാൽ ആലുനില്ക്കുന്നതിൽ, ബെന്നി ഇടിമൂട്ടിൽ, ശശിധരൻ നായർ പാറയരുകിൽ, മലയാലപ്പുഴ വിശ്വംഭരൻ, എലിസബത്ത് രാജു, ബിന്ദു ജോർജ്, മധുമല ഗോപാലകൃഷ്ണൻ നായർ, അലക്സാണ്ടർ മാത്യു , മിനി ജെയിംസ്, ബിനോയി മണക്കാട്ട്, മാത്യു എബ്രഹാം, ജി. കുശലൻ, ജെയിംസ് മുണ്ടക്കൽ എന്നിവർ പ്രസംഗിച്ചു.