പത്തനംതിട്ട : എബിസി സെന്ററുകള്‍ ആരംഭിക്കുന്നതിനു ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പുളിക്കീഴ് മൃഗാശുപത്രിക്ക് സമീപം എബിസി (ആനിമല്‍ ബെര്‍ത്ത് കണ്ട്രോള്‍) കേന്ദ്രത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിക്കുക ആയിരുന്നു മന്ത്രി. തെരുവു നായ്ക്കള്‍ വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്ലാ ബ്ലോക്കുകളിലും എബിസി സെന്റര്‍ ആരംഭിക്കണമെന്നു തദ്ദേശ സ്വയം ഭരണ വകുപ്പും മൃഗസംരക്ഷണ വകുപ്പും തീരുമാനിച്ചത്. ഫണ്ടുണ്ടെങ്കിലും പല ജില്ലകളിലും സെന്ററിനു സ്ഥലം ലഭ്യമാകാത്ത അവസ്ഥയാണ്. എബിസി സെന്റര്‍ ആരംഭിക്കുന്നതിനു പ്രദേശികമായി സ്ഥലം ലഭ്യമാക്കാന്‍ ജനങ്ങളുടെ സഹായം ഉണ്ടാകണം. ചിലയിടങ്ങളില്‍ സെന്റര്‍ ആരംഭിക്കുന്നതിനു മൃഗാശുപത്രിക്ക് സമീപം സ്ഥലം ഏറ്റെടുത്തു. എബിസി സെന്ററിനായി റവന്യുഭൂമി ആദ്യം നല്‍കിയത് പത്തനംതിട്ട ജില്ലായാണെന്നും മന്ത്രി പറഞ്ഞു. തെരുവുനായ്ക്കളുടെ വന്ധ്യംകരണവും വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് വാക്‌സിനേഷനും ലൈസന്‍സ് സംവിധാനവും വഴി പ്രവര്‍ത്തനം ശക്തമാക്കും. ജില്ലകള്‍ ആവശ്യപ്പെടുത്തതനുസരിച്ച് വാക്സിന്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
തെരുവുനായ്ക്കള്‍ പെരുകുന്നത് തടയുകയാണ് എബിസി സെന്ററിലൂടെ ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ വഹിച്ചു. തെരുവുനായ്ക്കളുടെ എണ്ണം പെരുകുന്നത് നിയന്ത്രിക്കുകയെന്നതാണ് പ്രായോഗികമായി ചെയ്യാന്‍ സാധിക്കുന്നത്. ക്രമനുഗതമായി സമൂഹത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനമാണ് എബിസി കേന്ദ്രത്തിലൂടെ നടപ്പാക്കുന്നത്. ഭക്ഷണം പദാര്‍ത്ഥങ്ങള്‍ വലിച്ചെറിയുന്ന ജീവിതരീതിയില്‍ മാറ്റം ഉണ്ടാകണമെന്നും എംഎല്‍എ പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് ജില്ലയുടെ എബിസി കേന്ദ്രം പുളിക്കീഴ് മൃഗാശുപത്രിക്ക് സമീപം പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആധുനീക സംവിധാനം ഉള്‍ക്കൊള്ളുന്ന കെട്ടിടം ഒരു കോടി രൂപ ചെലവിലാണ് നിര്‍മ്മിക്കുന്നത്. ശാസ്ത്രീയ മൃഗ ചികിത്സാ ഉറപ്പു വരുത്താന്‍ കഴിയുന്ന സ്ഥാപനമാണിത്. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ എ ഷിബു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനില്‍കുമാര്‍, കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് വെല്‍ഫയര്‍ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ആര്‍. സനല്‍കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.എസ്. നൈസാം, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സി. പി. അനന്തകൃഷ്ണന്‍, ത്രിതലപഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.