ഇസ്രയേല്‍ : സ്ഥിരമായി എയ്റോബിക് വ്യായാമങ്ങളിൽ ഏർപ്പെടുന്നവര്‍ക്ക് അർബുദങ്ങൾ ഉണ്ടാകാനുള്ള സാധ്യത 72 ശതമാനം കുറയുന്നതായി പഠനം. ടെൽ അവീവ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. എയ്റോബിക് വ്യായാമം ശരീരത്തിലെ പഞ്ചസാര പിടിച്ചെടുക്കാൻ ചില അവയവങ്ങളെ കാര്യക്ഷമമാക്കുന്നു.
ഓട്ടവും മറ്റ് വ്യായാമങ്ങളും പ്രൈമറി ട്യൂമറുകൾ തടയുന്നതിൽ ശക്തമായ നേട്ടങ്ങളുണ്ടെന്ന് ഗവേഷകർ പറയുന്നു. ശാരീരിക പ്രവർത്തനങ്ങൾ ഗ്ലൂക്കോസ് ലഭിക്കുന്നതിന് ബുദ്ധിമുട്ടുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ ട്യൂമറുകൾക്ക് പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നു. ടെൽ അവീവ് യൂണിവേഴ്സിറ്റിയിലെ ഹ്യൂമൻ ജനറ്റിക്സ് ആൻഡ് ബയോകെമിസ്ട്രി ഡിപ്പാർട്ട്മെന്റിലെ പ്രൊഫ. കാർമിറ്റ് ലെവി ദി ടൈംസ് ഓഫ് ഇസ്രായേലിനോട് പറഞ്ഞു.
ഓട്ടവും മറ്റ് എയറോബിക് പ്രവർത്തനങ്ങളും മെറ്റാസ്റ്റാറ്റിക് പ്രവർത്തനത്തിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നുവെന്ന് ഞങ്ങൾ ഈ പഠനത്തിൽ കണ്ടെത്തി. കൂടാതെ ഇത് സംഭവിക്കുന്നത് എന്ത് കൊണ്ടാണെന്നും കണ്ടെത്തിയെന്നും പ്രൊഫ. കാർമിറ്റ് ലെവി പറഞ്ഞു. പഠനത്തിന് രണ്ട് ഭാഗങ്ങൾ ഉണ്ടായിരുന്നു. വ്യായാമ രീതികളും കാൻസർ സംഭവങ്ങളും വിശകലനം ചെയ്യുന്നതിനായി 20 വർഷത്തെ സമയപരിധിക്കുള്ളിൽ 3,000 വ്യക്തികളുടെ ആരോഗ്യ ഡാറ്റ പരിശോധിച്ചു.
ശാരീരിക വ്യായാമത്തിൽ ഏർപ്പെടാത്തവരെ അപേക്ഷിച്ച് ഉയർന്ന തീവ്രതയിൽ പതിവ് എയറോബിക് പ്രവർത്തനം റിപ്പോർട്ട് ചെയ്ത പങ്കാളികളിൽ 72 ശതമാനം കുറവ് മെറ്റാസ്റ്റാറ്റിക് ക്യാൻസർ ഉണ്ടെന്ന് ഇത് സൂചിപ്പിച്ചു. പഠനത്തിന്റെ രണ്ടാം ഭാഗത്തിൽ ശാരീരിക വ്യായാമത്തിന് മുമ്പും ശേഷവും ക്യാൻസർ കുത്തിവയ്പ്പിന് ശേഷവും അവയുടെ ആന്തരിക അവയവങ്ങൾ വിശകലനം ചെയ്യുകയും ചെയ്തു.
എയ്റോബിക് പ്രവർത്തനത്തിൽ പങ്കെടുത്ത ആളുകൾക്ക് ലിംഫ് നോഡുകൾ, ശ്വാസകോശം, കരൾ എന്നിവയിൽ മെറ്റാസ്റ്റാറ്റിക് മുഴകൾ വളരെ കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. വ്യായാമ വേളയിൽ ഈ അവയവങ്ങൾ ശരീരത്തിൽ ലഭ്യമായ ഗ്ലൂക്കോസിന്റെ വലിയൊരു ഭാഗം പിടിച്ചെടുക്കുന്നതായി ഗവേഷകർ കണ്ടെത്തി. മൂത്രാശയം, സ്തനങ്ങൾ, വൻകുടൽ, അന്നനാളം,ആമാശയം എന്നിങ്ങനെ ക്യാൻസറിനുള്ള സാധ്യത വ്യായാമം കുറയ്ക്കുമെന്ന് പഠനങ്ങൾ ശക്തമായി സൂചിപ്പിക്കുന്നു.