ഇടുക്കി : കുരുമുളകിന് വില കുത്തനെയിടിഞ്ഞത് മലയോര മേഖലകളിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. ഒരിടവേളക്കുശേഷം കുരുമുളകിന് വില ഉയര്‍ന്നിരുന്നെങ്കിലും ഏലത്തിനു പിന്നാലെ കുറയുകയായിരുന്നു. ഇതോടെയാണ് മികച്ച വില പ്രതീക്ഷിച്ച വ്യാപാരികളടക്കം പ്രതിസന്ധിയിലായത്. നേരത്തെ 540 രൂപ വരെ വിലയുണ്ടായിരുന്ന കുരുമുളകിന്റെ വില ഇപ്പോള്‍ 430ലേക്കാണെത്തിയത്. വില വീണ്ടും കുറയുമെന്നാണ് സൂചന. തുടര്‍ച്ചയായുണ്ടായ മഴ മൂലം ഇക്കുറി വിളവ് നാലിലൊന്നായി കുറഞ്ഞിരുന്നു. എന്നാല്‍ വളത്തിനും കീടനാശിനിക്കും വില ഇരട്ടിയിലധികവുമായി. ഈ സാഹചര്യത്തില്‍ വിലയിടിഞ്ഞത് കര്‍ഷകര്‍ക്ക് ഇരട്ടപ്രഹരമാണ്.
അതേസമയം വിളവെടുപ്പുകാലത്തു തന്നെ കുരുമുളകിന്റെ വിലയിടിഞ്ഞത് ചെറുകിട കര്‍ഷകര്‍ക്കും തിരിച്ചടിയായി. മോഹവിലക്ക് കുരുമുളക് വാങ്ങി സ്റ്റോക്ക് ചെയ്ത വ്യാപാരികള്‍ ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്. ന്യായവില ലഭിക്കാത്തതിനാല്‍ കടക്കെണിയിലാണ് കര്‍ഷകര്‍. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.