പെരിങ്ങര : പെരിങ്ങര പഞ്ചായത്തിലെ പ്രധാന മാലിന്യശേഖരണ കേന്ദ്രത്തില്‍ അഗ്നിബാധ. കേന്ദ്രം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഭാഗികമായി കത്തിനശിച്ചു. വെള്ളിയാഴ്ച രാവിലെ അഞ്ചുമണികഴിഞ്ഞാണ് തീയും പുകയും ഉയരുന്നത് നാട്ടുകാര്‍ അറിയുന്നത്. അഗ്നിരക്ഷാസേനയുടെ തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍നിന്നുളള മൂന്ന് യൂണിറ്റുകള്‍ എത്തിയാണ് തീ കെടുത്തിയത്. ആറാം വാര്‍ഡിലെ പെരുന്തുരുത്തി പ്ലാംചുവട്-മുട്ടത്തുപടി റോഡില്‍ വിശാലമായ വളപ്പിലെ പഴയ കെട്ടിടമാണ് മാലിന്യശേഖരണ കേന്ദ്രം.
പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍നിന്ന് ഹരിതകര്‍മസേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഇവിടെ എത്തിച്ച് തരംതിരിച്ചാണ് ക്ലീന്‍കേരള മിഷന്റെ കരാറുകാര്‍ സംസ്‌കരണത്തിന് കൊണ്ടുപോകുന്നത്. പ്ലാസ്റ്റിക് അടക്കമുള്ള വിവിധയിനം മാലിന്യങ്ങള്‍ ഉണ്ടായിരുന്നു. ഇവ ഭൂരിഭാഗവും കത്തിനശിച്ചു. തിരുവല്ല അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ ആര്‍.ബാബു, സീനിയര്‍ ഓഫീസര്‍ സുന്ദരേശ്വരന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തീ കെടുത്തിയത്. മറ്റ് നാശനഷ്ടങ്ങള്‍ ഇല്ല.