തിരുവനന്തപുരം : പെരിയ ഇരട്ട കൊലപാതക കേസിൽ പീതാംബരൻ ഉൾപ്പെടെയുള്ള പ്രതികളെ സിബിഐ സംഘം ചോദ്യം ചെയ്യും. അടുത്തയാഴ്ച ജയിലിലെത്തി പ്രതികളെ ചോദ്യം ചെയ്യാൻ കോടതി സിബിഐക്ക് അനുമതി നൽകി. പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലാണ് പ്രതികളെ ചോദ്യം ചെയ്യാൻ സിബിഐക്ക് കോടതി അനുമതി നൽകിയത്. ആകെ 14 പേരെ പ്രതി ചേർത്ത കേസിലെ ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെ 11 പേർ കണ്ണൂർ സെൻട്രൽ ജയിലിലാണ്.
കേസിൽ ജാമ്യത്തിലുളള കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ മണികണ്ഠൻ ഉൾപ്പെടെ 3 പേരെ വിവിധ സമയങ്ങളിൽ സിബിഐ സംഘം ചോദ്യം ചെയ്തിരുന്നു. ജയിലിൽ കഴിയുന്ന പ്രതികളെ സെൻട്രൽ ജയിലിൽ എത്തി ചോദ്യം ചെയ്യാനാണ് സിബിഐക്ക് കോടതി അനുമതി നൽകിയത്. ഉത്തരവിൻ്റെ പകർപ്പ് കയ്യിൽ കിട്ടിയില്ലെന്നും കിട്ടുന്ന മുറയ്ക്ക് പ്രതികളെ ചോദ്യം ചെയ്യുമെന്നും സിബിഐ ഉദ്യോഗസ്ഥർ അറിയിച്ചു. തിങ്കളാഴ്ചയോടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ചോദ്യം ചെയ്യൽ ആരംഭിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.