സീതത്തോട് : നിലയ്ക്കൽ ബേസ് ക്യാംപിലെ ശുദ്ധജല ക്ഷാമത്തിനു ശാശ്വത പരിഹാരമാകുന്നു. സീതത്തോട് ശുദ്ധീകരണ ശാലയിൽ നിന്ന് ഇന്നലെ വൈകിട്ട് 6 മണിയോടെ വെള്ളം നിലയ്ക്കൽ പള്ളിയിറക്കാവ് ക്ഷേത്രത്തിനു സമീപത്തെ നിർമാണം പുരോഗമിക്കുന്ന ജല സംഭരണിയുടെ പടിക്കൽ എത്തി. ട്രയൽ റൺ പൂർണ വിജയമെന്ന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ. രണ്ടാഴ്ച മുൻപാണ് ട്രയൽ റൺ ആരംഭിച്ചത്. ശനിയാഴ്ച പ്ലാപ്പള്ളി ബൂസ്റ്റർ പമ്പ് ഹൗസിൽ വെള്ളം എത്തിയിരുന്നു. ഇവിടെ നിന്നു നിലയ്ക്കൽ ബേസ് ക്യാംപിലെ സംഭരണികളിലേക്കു വെള്ളം പമ്പ് ചെയ്യുന്ന ജോലികൾ ഇന്നലെ രാവിലെ തന്നെ തുടങ്ങിയെങ്കിലും സന്ധ്യയോടെയാണ് എത്തിയത്.
പുതിയതായി സ്ഥാപിച്ച പൈപ്പുകളും സംഭരണികളും വൃത്തിയാക്കി ബുധനാഴ്ചയോടെ വെള്ളം ശബരിമല തീർഥാടകർക്കു വിതരണം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് ജോലികൾ പുരോഗമിക്കുന്നത്. സീതത്തോട്ടിലെ ശുദ്ധീകരണ ശാലയിൽ നിന്നു പ്ലാപ്പള്ളി–ആങ്ങമൂഴി റോഡിൽ സ്ഥാപിച്ചിരിക്കുന്ന രണ്ട് ബൂസ്റ്റർ പമ്പ് ഹൗസും പ്ലാപ്പള്ളിയിലെ ബൂസ്റ്റർ പമ്പ് ഹൗസ് കടന്നാണ് വെള്ളം 500എംഎം വ്യാസമുള്ള കൂറ്റൻ ഇരുമ്പ് പൈപ്പിലൂടെ നിലയ്ക്കൽ ബേസ് ക്യാംപിൽ എത്തിയത്. പള്ളിയക്കാവ് ക്ഷേത്രം, ഗോശാല, ബിഎസ്എൻഎൽ ടവർ എന്നിവിടങ്ങളിൽ നിർമാണം പുരോഗമിക്കുന്ന 20 ലക്ഷം ലീറ്റർ വീതം സംഭരണ ശേഷിയുള്ള മൂന്ന് കൂറ്റൻ സംഭരണികളിൽ വെള്ളം എത്തിച്ച് വിതരണം ചെയ്യുന്നതോടെയാണു പദ്ധതി പൂർണ ലക്ഷ്യത്തിൽ എത്തുക.