റാന്നി: റാന്നി താലൂക്ക് ഭരണസിരാകേന്ദ്രം പ്രവർത്തിക്കുന്ന റാന്നി പഞ്ചായത്ത് വക പെരുമ്പുഴ ബസ് സ്റ്റാന്റിലെ ശുചി മുറി കെട്ടിടം കാഴ്ചവസ്തുവായി മാറുന്നതായി ആക്ഷേപം. പ്രാഥമിക കർമ്മങ്ങൾക്ക് വേണ്ടി സ്ത്രീകളടക്കം കെട്ടിടത്തിൻ്റെ വാതിലിൻ്റെ മുൻപിലെത്തുമ്പോഴാണ് വാതിൽ പൂട്ടിയ നിലയിൽ കാണുന്നത്. ഒരു വർഷം മുൻപ് പ്രവർത്തന രഹിതമായ ശുചി മുറി ചായം പൂശി മുഖം മിനുക്കിയെടുത്തെങ്കിലും ശുചി മുറിക്കുള്ളിലെ പൈപ്പുകളും ക്ലോസെറ്റുകളും തകർന്നു പഴയപടി തന്നെയായിരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ രണ്ടു തവണ തകരാർ പരിഹരിച്ചതിനു പിന്നാലെ ആഴ്ചകൾക്കുള്ളിലാണ് വീണ്ടും പൂട്ടു വീഴുന്നത്.
പെരുമ്പുഴയിലെ ശുചിമുറി സൗകര്യങ്ങൾ പുനസ്ഥാപിക്കണമെന്ന് നിരവധി പരാതി പഞ്ചായത്തിൽ വ്യാപാരികളും യാത്രക്കാരും നല്കിയെങ്കിലും പരിഹാരം ഉണ്ടാകില്ലന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. ടൗണിൽ എത്തുന്നവർക്ക് പ്രാഥമിക സൗകര്യങ്ങൾ നിർവ്വഹിക്കണമെങ്കിൽ ഹോട്ടലുകളെയോ ഒരു കിലോമീറ്റർ ദൂരം പോയി ഇട്ടിയപ്പാറയിലോ എത്തണം. പെരുമ്പുഴ ബസ് സ്റ്റാന്റിൽ വെയിറ്റിംങ്ങ് ഷെഡിനോട് ചേർന്നാണ് ശുചി മുറികൾ പണിതിരിക്കുന്നത്. എന്നാൽ ഇത് കൃത്യമായി തുറന്ന് പ്രവർത്തിക്കാൻ വേണ്ട നടപടി പഞ്ചായത്ത് സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവിശ്യം. ശബരിമല തീർത്ഥാടന കാലത്ത് കാൽ നടയായി രാത്രി കാലങ്ങളിൽ എത്തുന്നവർക്കും, വിശ്രമത്തിനു ശേഷം മടങ്ങി പോകുന്നു ന്നതിനു മുൻപ് പ്രാഥമിക സൗകര്യകൾക്കായി ഉപയോഗിച്ചു വന്നിരുന്ന ശുചി മുറികളാണ് ഇത്.
ഇതു കൂടാതെ റാന്നി താലൂക്കാശുപത്രിയിൽ എത്തുന്ന രോഗികകളും ടൗണിലെ ഓട്ടോ ടാക്സി ഡ്രൈവർ ശുചി മുറി സൗകര്യങ്ങൾ ഇല്ലാത്ത വ്യാപാരികളും അവരുടെ സഹായികളും തുടങ്ങി നിരവധിയാളുകൾ പ്രയോജനപെടുത്തുന്ന ശുചി മുറികളാണ് പഞ്ചായത്തിന്റ അനാസ്ഥ മൂലം അടഞ്ഞു കിടക്കുന്നത്. മുൻപ് ഇതിനോട് ചേർന്ന് ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽ ഈ ടോയിലറ്റ് സ്ഥാപിച്ചിരുന്നു.ഇത് പ്രവർത്തരഹിതയമായി കാഴ്ചവസ്തുവായിട്ടു വർഷങ്ങളായി. നിലവിലുള്ള ശുചി മുറികൾ നാളുകളായി പ്രവർത്തനരഹിതമായിരുന്നത് നാളുകൾക്ക് മുൻപ് നവീകരിച്ചിട്ടും കൃത്യമായി തുറന്നു പ്രവർത്തിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.