റാന്നി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 45 വയസ്സിനു മുകളിലുള്ളവര്‍ക്കു വേണ്ടിയുള്ള കോവിഡ് വാക്സിനേഷൻ പദ്ധതി അട്ടിമറിക്കുന്നതായി ആരോപണം. ഇതു സംബന്ധിച്ച് പെരുനാട് ഗ്രാമ പഞ്ചായത്ത് ബി.ജെ.പി അംഗം ടി. എസ് ശാരി മെഡിക്കല്‍ ആഫീസര്‍ക്കെതിരെ പരാതി നല്‍കി.
കഴിഞ്ഞ വെള്ളിയാഴ്ച്ച പെരുനാട് രണ്ടാം വാർഡിൽ നടത്തിയ വാക്സിനേഷൻ ക്യാമ്പ് മുൻനിശ്ചയിച്ച പ്രകാരം പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ആയിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാല്‍ വാര്‍ഡ് അംഗമായ തന്നെപോലും അറിയിക്കാതെ ചില സ്വകാര്യ വ്യക്തികളുടെ വീടുകളില്‍ വെച്ച് വാക്സിനേഷന്‍ ക്യാമ്പ് നടത്തിയെന്നാണ് ആരോപണം. മാനദണ്ഡങ്ങൾ പാലിക്കാതെയും അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ക്രമീകരിക്കാതെയും ആയിരുന്നു ഈ ക്യാമ്പ് നടത്തിയതെന്ന് ടി. എസ് ശാരി പറയുന്നു.
പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.