ചെങ്ങന്നൂർ : ഒഴുക്ക് നിലച്ച പെരുങ്കുളം പാടശേഖരം മാലിന്യങ്ങളുടെ കൂമ്പാരമാകുന്നു.നഗരത്തിന്റെ ഹൃദയഭാഗത്തുകൂടി കടന്നു പോകുന്ന വെട്ടുതോടിന്റെ ഉത്ഭവ കേന്ദ്രമായ പെരുങ്കുളം പാടത്തിനോട് ചേർന്ന് താമസിക്കുന്ന നൂറോളം കുടുംബങ്ങളാണ് മലിന ജലം മൂലം ദുരിതമനുഭവിക്കുന്നത്. നഗരമദ്ധ്യത്തിൽപ്പെട്ട പെരുങ്കുളം പാടത്തിനോട് ചേർന്ന് താമസിക്കുന്ന ഇവർ കാലുകുത്തുന്നത് മാലിന്യം നിറഞ്ഞ വെള്ളത്തിലാണ്. മഴക്കാലമായാൽ ഇവരുടെ ജീവിതം ദുരിതപൂർണമാകും. വേനലിലും വീട്ടുമുറ്റത്ത് മുട്ടറ്റം വെള്ളമുണ്ടായിരിക്കും. വെട്ടുതോടും മാലിന്യം നിറഞ്ഞ വെള്ളക്കെട്ടും മുറിച്ചു കടന്നു വേണം ഇവർക്ക് വീടുകളിലെത്താൻ. തോട് മുറിച്ചു കടക്കാൻ ഉപയോഗിച്ചിരുന്ന തടിപ്പലക ജീർണിച്ച് അപകടാവസ്ഥയിലാണ്. കൊച്ചുകുട്ടികൾ പോലും പോകുന്നത് ഇതിലെയാണ്. അപകടകരമായ ഈ യാത്ര പരിഹരിക്കുന്നതിന് തടിപ്പാലമോ കോൺക്രീറ്റ് സ്ലാബോ ഇടണമെന്ന ആവശ്യം അധികൃതർ ഇനിയും പരിഹരിച്ചിട്ടില്ല.
പരാതി പറഞ്ഞിട്ടും നടപടി എടുക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. നഗരത്തിലെ ഹോട്ടലുകൾ, സ്വകാര്യ ആശുപത്രി, മറ്റ് വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ എന്നിവയിലെ മാലിന്യ അവശിഷ്ടങ്ങൾ തള്ളുന്നത് വെട്ടുതോട്ടിലാണ്. തോട്ടിൽ മാലിന്യം കെട്ടിക്കിടക്കുന്നത് തടയാൻ മുൻപ് വെട്ടുതോടിന്റെ ഉത്ഭവസ്ഥാനത്ത് പമ്പുസെറ്റ് വെച്ച് വെള്ളം ഒഴുക്കി വിടാൻ പദ്ധതിക്ക് തുടക്കമിട്ടെങ്കിലും അധിക ദിവസം ഇതിന്റെ പ്രവർത്തനം നടത്താൻ കഴിഞ്ഞില്ല. ഇനി വെള്ളം പമ്പു ചെയ്ത് വിട്ടാൽ തന്നെ മലിന ജലം ഒഴുകി പോകാനാവാത്ത സ്ഥിതിയാണുള്ളത്. തോട് ചെന്നു ചേരുന്നത് നഗരത്തിനു തെക്കായുള്ള കുട്ടങ്കേരി ചാലിലാണ്. അനധികൃത കൈയേറ്റവും നിലം നികത്തലും മൂലം തോടിന്റെ പല ഭാഗങ്ങളും അടഞ്ഞതാണ് നീരൊഴുക്കിന് തടസമാകുന്നത്. തോടിന്റെഇരുവശങ്ങളുമുള്ള കിണറുകളിൽ മാലിന്യ കാരണം കിണർ മൂടിയ സംഭവവും ഉണ്ടായിട്ടുണ്ട്. തോട്ടിലെ വെള്ളത്തിന് തവിട്ടു നിറമാണ്.