തിരുവനന്തപുരം: പെരുങ്കടവിള ഗ്രാമപഞ്ചായത്തിൽ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ കോടികളുടെ തട്ടിപ്പ് നടത്തിയതിൽ സമഗ്രമായ അന്വേഷണത്തിന് കേസ് വിജിലൻസിന് കൈമാറാൻ സംസ്ഥാന മിഷൻ ഡയറക്ടറോട് ശുപാർശ ചെയ്ത് ജില്ലാ ഓംബുഡ്സ്മാൻ. പഞ്ചായത്തിലെ 16 വാർഡുകളിലെ തൊഴിലുറപ്പ് പണികളിലെ സാമ്പത്തിക ക്രമക്കേടുകൾ റിപ്പോർട്ടർ ടി വി വാർത്തയാക്കിയതിന് പിന്നാലെയാണ് നടപടി. തൊഴിൽ ചെയ്യാതെ അനധികൃതമായി പണം കൈപ്പറ്റിയവർ ഉടൻ പണം തിരിച്ചടയ്ക്കണം. ക്രമക്കേടുകൾക്ക് കൂട്ടുനിന്ന അക്രഡിറ്റഡ് എഞ്ചിനീയർ ലത, ഓവർസിയർ ഷിബു കുമാർ എന്നിവരെ അടിയന്തരമായി മാറ്റിനിർത്തണമെന്ന് ജില്ലാ കളക്ടർക്കും നിർദ്ദേശം നൽകി. ഗുരുതരമായ കുറ്റകൃത്യം ചെയ്ത മേറ്റുമാരെ തൽസ്ഥാനത്ത് നിന്നും അഞ്ച് വർഷത്തേക്ക് സ്ഥിരമായി മാറ്റി നിർത്താൻ പഞ്ചായത്ത് സെക്രട്ടറിക്കും നിർദ്ദേശം നൽകി.
തൊഴിലുറപ്പുമായി ബന്ധപ്പെട്ടുള്ള നാല് വർഷത്തെ റിപ്പോർട്ട് സമഗ്രമായി പരിശോധിച്ച് 30 ദിവസത്തിനുള്ളിൽ റിപ്പോർട്ട് കൈമാറണം. ക്രമക്കേടുകൾക്ക് കൂട്ടുനിന്ന പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, അക്രഡിറ്റഡ് എഞ്ചിനീയർ, ഓവർസിയർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ എന്നിവർക്കെതിരെ വകുപ്പുതല നടപടി എടുക്കാനും ഉത്തരവിട്ടു. പഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രന്റെ അറിവോടെ തൊഴിലുടമകളുടെ കാർഡുകൾ കൈവശപ്പെടുത്തി കരാറുകാരും ബിനാമിമാരുമാണ് തട്ടിപ്പ് നടത്തിയത്. മസ്റ്റർ റോളിൽ ജോലി ചെയ്തതായി കാണിക്കാൻ വിദ്യാർഥികളുടെയും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരുടെയും ഫോട്ടോ അപ്‌ലോഡ് ചെയ്തിരുന്നു. കോടികളുടെ തട്ടിപ്പ് നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കാൻ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ കോർഡിനേറ്റർ ആയ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.