റാന്നി : പെരുന്തേനരുവി ടൂറിസം അവഗണനയിലെന്ന് ആരോപണം ശക്തമാകുന്നു. പ്രളയം തകർത്തെറിഞ്ഞ നടപ്പാത രണ്ടുവർഷം കഴിഞ്ഞിട്ടും പുനർനിർമിച്ചില്ല. കരാർ നൽകിയ റാംപിന്റെ നിർമാണവും പാതി വഴിയിൽ മുടങ്ങിയിരിക്കുകയാണ്.
ടൂറിസം പദ്ധതിയുടെ ഭാഗമായാണ് പരുവ മഹാദേവ ക്ഷേത്രക്കടവിൽ നിന്ന് പമ്പാനദിയുടെ തീരത്തുകൂടി പെരുന്തേനരുവിയിലേക്ക് നടപ്പാത നിർമിച്ചത്. പൂട്ടുകട്ട പാകിയ നടപ്പാത നിർമിക്കുന്നതിനും പാതയിൽ സൗരോർജ വിളക്കുകൾ സ്ഥാപിക്കുന്നതിനുമായി 30.44 ലക്ഷം രൂപ അനുവദിച്ചിരുന്നു.
പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ പമ്പാനദിയിലെ തടയണയും അരുവിക്കു താഴെയുള്ള തുരുത്തുകളും ടൂറിസം പദ്ധതിയുമായി ബന്ധിപ്പിക്കുകയായിരുന്നു നടപ്പാത നിർമാണത്തിലൂടെ ലക്ഷ്യമിട്ടത്. 2018 ജൂണിനു മുൻപ് നടപ്പാതയുടെ നിർമാണം പൂർത്തിയായിരുന്നു. സൗരോർജ വിളക്കുകൾ സ്ഥാപിച്ചിരുന്നില്ല. നടപ്പാതയിലൂടെ നടന്നെത്തുന്നവർക്ക് അരുവിയിലേക്ക് എത്താൻ പാറയുടെ വശത്ത് റാംപിന്റെ നിർമാണം ആരംഭിച്ചിരുന്നു. അടിത്തറയുടെ പണിയാണ് തുടങ്ങിയത്. നടപ്പാത തകർന്നതോടെ റാംപിന്റെ നിർമാണവും നിലച്ചു.
2018 ഓഗസ്റ്റ് 15ന് ഉണ്ടായ മഹാപ്രളയത്തിലാണ് നടപ്പാത 40 ശതമാനത്തോളം തകർന്നത്. കല്ലുകളും തടികളും ഇടിച്ച് പൂട്ടുകട്ടകൾ പൊളിയുകയായിരുന്നു. അവ പുനരുദ്ധരിക്കാൻ നടപടി ഉണ്ടായിട്ടില്ല. പ്രളയത്തിൽ ഒഴുകിയെത്തിയ കല്ലുകളും മണ്ണുമെല്ലാം നടപ്പാതയിൽ കിടപ്പുണ്ട്. ബന്ധപ്പെട്ടവരാരും പിന്നീട് ഇവിടേക്കു തിരിഞ്ഞു നോക്കിയിട്ടില്ല. ടൂറിസം പദ്ധതിയുടെ ഭാഗമായ കുട്ടികളുടെ പാർക്ക്, അരുവിയിലേക്കുള്ള റാംപ് എന്നിവയ്ക്കും പ്രളയത്തിൽ നാശം നേരിട്ടിരുന്നു. അവയും പുനരുദ്ധരിച്ചിട്ടില്ല. ഇതുമൂലം ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച ഓഡിറ്റോറിയവും കോട്ടേജുകളും വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുക്കാനും കഴിഞ്ഞിട്ടില്ല.