ഗാന്ധിനഗര്‍ : വളര്‍ത്തുനായയ്ക്ക് പേരിട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ വീട്ടമ്മയെ അയല്‍വാസികള്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ഗുജറാത്തിലെ ഭാവ്‌നഗറില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. നീതാബെന്‍ സര്‍വൈയ എന്ന മുപ്പത്തഞ്ചുകാരിക്കു നേരെയാണ് ആക്രമണം നടന്നത്. നീതാബെന്‍, തന്റെ വളര്‍ത്തുനായയ്ക്ക് സോനു എന്നു പേരിട്ടതിനെച്ചൊല്ലിയുള്ള വഴക്കാണ് ആക്രമണത്തില്‍ കലാശിച്ചത്. നീതാബെന്നിന്റെ അയല്‍വാസി സാരാഭായ് ഭര്‍വാഡിന്റെ ഭാര്യയുടെ ഇരട്ടപ്പേരാണ് ‘സോനു’ എന്നത്. ഇതില്‍ പ്രകോപിതനായ സാരാഭായിയും മറ്റ് അഞ്ചുപേരും നീതാബെന്നിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ നീതാബെന്നിനെ ഭാവ്‌നഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണ സമയത്ത് നീതാബെന്നും ഇളയ മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവരുടെ ഭര്‍ത്താവും മറ്റു രണ്ടുമക്കളും പുറത്തു പോയിരിക്കുകയായിരുന്നു. വീട്ടില്‍ കടന്ന സാരാഭായിയും സംഘവും നായ്ക്കുട്ടിക്ക് സോനു എന്നു പേരിട്ടതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. സാരാഭായി തന്നെ ചീത്തവിളിച്ചെന്നും താന്‍ അവരെ അവഗണിക്കുകയാണ് ചെയ്തതെന്നും നീതാബെന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്.
തുടര്‍ന്ന് അടുക്കളയിലേക്ക് പോയ നീതാബെന്നിനെ മൂന്നുപേര്‍ പിന്തുടര്‍ന്നു. ശേഷം അവരില്‍ ഒരാള്‍ കന്നാസില്‍നിന്ന് മണ്ണെണ്ണ തന്റെ ദേഹത്തേക്ക് ഒഴിക്കുകയും തീപ്പെട്ടി ഉരച്ചിടുകയുമായിരുന്നെന്നും നീതാബെന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ദേഹത്ത് തീ പടര്‍ന്നപ്പോഴുള്ള ഇവരുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തി. പുറത്തുപോയിരുന്ന നീതാബെന്നിന്റെ ഭര്‍ത്താവ് ഈ സമയം വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് ഇവരെല്ലാവരും ചേര്‍ന്ന് നീതാബെന്നിന്റെ ദേഹത്തെ തീയണയ്ക്കുകയായിരുന്നു. നീതാബെന്‍ നായയ്ക്ക് സോനു എന്നു പേരിട്ടത് മനഃപൂര്‍വമാണെന്ന് സാരാഭായ് പോലീസിനോടു പറഞ്ഞു.