തിരുവല്ല: പെട്രോളിയം കമ്പിനികളുടെ കൊള്ള അവസാനിപ്പിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും പെട്രോൾ, ഡീസൽ എന്നിവ ജി.എസ്.ടി യുടെ പരിധിയിൽ കൊണ്ടുവരണമെന്നും കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസ് ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ തിരുവല്ല പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെട്രോളിനും ഡീസലിനും അനുദിനം വില വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന പെട്രോളിയം കമ്പിനികളുടെ നടപടി കോവിഡ് മഹാവ്യാധിയിൽ ബുദ്ധിമുട്ടുന്ന ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കിയിരിക്കുകയാണ്. പ്രീമിയം പെട്രോളിന്റെ വില നൂറു കടന്നിരിക്കുകയാണ്. സാധാരണ പെട്രോളിന്റെ വില വരുന്ന ദിവസങ്ങളില്‍ നൂറു കടക്കും. അവശ്യ സാധനങ്ങളുടെ വിലയും കുതിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാന സർക്കാർ കേരളത്തില്‍ നിന്നുള്ള എംപിമാരെ ഉൾപ്പെടുത്തി സർവ്വകക്ഷിയോഗം വിളിക്കണമെന്നും പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിന് പരിഹാരം കാണണമെന്നും യുഡിഎഫ് ചെയർമാൻആവശ്യപ്പെട്ടു.
യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ്, ജോമോൻ ജേക്കബ്, വൈസ് പ്രസിഡണ്ട് സജി കൂടാരത്തിൽ, ബിജു അലക്സ്, ജെഫ് ബിജു ഈശോ, ഫിജി ഫെലിക്സ് എന്നിവർ പ്രസംഗിച്ചു.