പത്തനംതിട്ട : പെട്രോളിയം കമ്പിനികൾ പ്രതിദിനം പെട്രോൾ- ഡീസൽ വില വർദ്ധിപ്പിക്കുമ്പോൾ വിപണിയിൽ ഇടപെട്ട് വില പിടിച്ചു നിർത്തേണ്ട കേന്ദ്ര സർക്കാർ കോർപ്പറേറ്റ് കമ്പിനികളുടെ കൊള്ളയ്ക്ക് കൂട്ട് നിന്ന് ഇൻഡ്യയിലെ പാവപ്പെട്ടവനെ കൊള്ളയടിക്കുകയാണെന്ന് കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം ജോൺ കെ. മാത്യൂസ് പറഞ്ഞു. കഴിഞ്ഞ 20 ദിവസം കൊണ്ട് പെട്രോളിന് 8 രൂപ 73 പൈസയും ഡീസലിന് 10 രൂപ 21 പൈസയുമാണ് വർദ്ധിപ്പിച്ചത് ഇത് പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ക്രൂഡോയിലിന് അന്താരാഷ്ട്ര വിപണിയിൽ 107.09 യു എസ്സ് ഡോളർ വിലയുണ്ടായിരുന്ന 2014 ൽ പെട്രോൾ വില 71 രൂപ 41 പൈസയും ഡീസൽ വില 55 രൂപ 49 പൈസയും ആയിരുന്നു. ഇന്ന് അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിലിന് 42.41 ഡോളർ മാത്രം വിലയുള്ളപ്പോൾ പെട്രോളിന്റെ വില പത്തനംതിട്ടയിൽ 80 രൂപ92 പൈസയും ഡീസലിന് 76 രൂപ 50 പൈസയുമാണ്. ഇത് ഇൻഡ്യൻ ജനതയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു . സംസ്ഥാന സർക്കാർ പെട്രോൾ- ഡീസൽ എന്നിവയുടെ നികുതി ഇനത്തിൽ അധികമായി കിട്ടുന്ന തുക കുറവ് ചെയ്യാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റാഫീസിന് മുൻപിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് വിക്ടർ ടി. തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എബ്രഹാം കലമണ്ണിൽ , ജില്ല ജനറൽ സെക്രട്ടറി അഡ്വ. എൻ. ബാബു വർഗീസ്, നിയോജക മണ്ഡലം പ്രസിഡൻ്റുമാരായ ദീപു ഉമ്മൻ, ജോസ് കെ. എസ്, ജോർജ് കെ. മാത്യൂ, കുഞ്ഞുമോൻ കെങ്കിരത്ത്, സാം മാത്യൂ, കെ. ടി യു. സി ജില്ലാ പ്രസിഡന്റ് തോമസ് കുട്ടി കുമ്മണ്ണൂർ, സന്തോഷ് വർഗീസ്, റോയി പുത്തൻപറമ്പിൽ, സജി കളക്കാട് എന്നിവർ പ്രസംഗിച്ചു.