പത്തനംതിട്ട : റാന്നി താലൂക്കിലെ ചെല്ലക്കാട് പ്രവര്‍ത്തിച്ചവരുന്ന ഉഷസ് ആട്ടോ ഫ്യൂവല്‍സ് എന്ന ഐ.ഒ.സി പെട്രോളിയം ഔട്ട്‌ലെറ്റില്‍ നിന്നും യാത്രക്കാര്‍ക്ക് സൗജന്യമായി ലഭ്യമാകേണ്ട ടോയ്ലറ്റ് സൗകര്യം ലഭ്യമാക്കിയില്ലെന്നും സ്ത്രീകളോട് മോശമായി പെരുമാറിയെന്നുമുള്ള പരാതിയെത്തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദേശാനുസരണം ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരും ചേര്‍ന്ന സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തുകയും ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തു. ഇതില്‍ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ജില്ലയിലെ വിവിധ താലൂക്കുകളിലെ പെട്രോളിയം ഔട്ട്‌ലെറ്റുകളിലെ സേവന സാഹചര്യവും നടത്തിപ്പും ഒരേസമയം പരിശോധന നടത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ എല്ലാ താലൂക്കുകളിലെയും ഓരോ പെട്രോള്‍ പമ്പ് വീതം താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തി. പരിശോധിച്ച ആറു പമ്പുകളില്‍ അഞ്ച് പെട്രോളിയം പമ്പുകളില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കേണ്ട നിയമാനുസൃത സേവനങ്ങള്‍ ലഭ്യമല്ലെന്നു കണ്ടെത്തി. ഇവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
പെട്രോളിയം ഔട്ട്‌ലെറ്റുകളില്‍ തുടര്‍ന്നും നിരന്തര പരിശോധനകള്‍ ഉണ്ടാകുമെന്നും കുറ്റകരമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേയും മാന്യമല്ലാത്ത പെരുമാറ്റം നടത്തുന്നവര്‍ക്കെതിരെയും നിയമാനുസൃത സേവനങ്ങള്‍ നിഷേധിക്കുന്നവര്‍ക്കെതിരേയും ക്രമക്കേടുകള്‍ കണ്ടെത്തുന്നവര്‍ക്കെതിരേയും കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. അതോടൊപ്പം എം.ഡി.ജി(മാര്‍ക്കറ്റിങ് ഡിസിപ്ലിന്‍ ഗൈഡ് ലൈന്‍) പ്രകാരം നടപടി സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.