കൊട്ടിയം : അർധരാത്രിയിൽ ബൈക്കുകളിൽ കറങ്ങി വീടുകളിലും കടകളുടെ പാർക്കിങ് ഏരിയയിലും ആശുപത്രി വളപ്പുകളിലും പാർക്ക് ചെയ്തിട്ടുള്ള ഇരുചക്രവാഹനങ്ങളിൽനിന്ന് പെട്രോൾ ഊറ്റുന്ന സംഘത്തിലെ രണ്ടുപേരെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം വടക്കേവിള മുള്ളുവിള മൈത്രി നഗർ 20 കടകംപള്ളി വീട്ടിൽ സെയ് ദലി (20), പട്ടത്താനം ചേരിയിൽ മക്കാനിപീപ്പിൾസ് നഗർ 102 മേഴ്സി വില്ലയിൽ അലൻ (19) എന്നിവരാണ് അറസ്റ്റിലായത്. രാത്രിയിൽ മോഷ്ടിക്കുന്ന പെട്രോൾ രൂപമാറ്റം വരുത്തിയ ആഡംബര ബൈക്കുകളിൽ ഒഴിച്ച് ശബ്ദമുണ്ടാക്കി നിരത്തുകളിൽ കറങ്ങിയിരുന്ന സംഘമാണ് പിടിയിലായത്. ഇവരിൽ സെയ് ദലി അടിപിടി കേസുകളിലും പ്രതിയാണ്.
എൻ.എസ്.സഹകരണ ആശുപത്രിയിലെ ജീവനക്കാരന്റെ ബൈക്കിൽനിന്ന് പെട്രോൾ ഊറ്റവെയാണ് ഇവർ പിടിയിലായത്. ഇവർ സഞ്ചരിച്ച ബൈക്കും പെട്രോൾ ഊറ്റിക്കൊണ്ടുപോകുന്നതിനായുള്ള കുപ്പികളും മറ്റും പോലീസ് പിടിച്ചെടുത്തു. പാലത്തറ, തട്ടാമല, മുള്ളുവിള, ശ്രീരാമപുരം ഭാഗങ്ങളിൽ വീടുകളിലിരിക്കുന്ന ബൈക്കുകളിൽ നിന്ന് രാത്രികാലങ്ങളിൽ പെട്രോൾ ഊറ്റിക്കൊണ്ടുപോകുന്നതായി വ്യാപകമായി പരാതികൾ ഉണ്ടായിരുന്നു.
ഇരവിപുരം പോലീസ് ഇൻസ്പെക്ടർ വിനോദ് കെ, എസ്.ഐ. അനീഷ് എന്നിവർക്ക് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ ഓരോ എസ്.ഐ.മാരുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങൾ രാത്രികാല നിരീക്ഷണം ശക്തമാക്കിയിരുന്നു. എസ്.ഐ. ദീപു, സി.പി.ഒ. സാബിത്ത് എന്നിവരുടെ നേതൃത്വത്തിൽ പട്രോളിങ് നടത്തവെയാണ് ഇവർ പിടിയിലായത്. അമിതശബ്ദവുമായി ബൈക്കിൽ സ്ഥിരമായി പോലീസിനെ വെട്ടിച്ചുകടന്നിരുന്ന ഇവർ നിരോധിത ലഹരിവസ്തുക്കൾ കടത്തുന്ന സ്കൂട്ടറുകൾക്കായും പെട്രോൾ ഊറ്റിയിട്ടുണ്ടെന്ന് ചോദ്യംചെയ്യലിൽ വ്യക്തമായിട്ടുണ്ട്.