തിരുവനന്തപുരം: പെട്ടിമുടി ദുരന്തം പുറംലോകത്തെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയ സംഭവം അന്വേഷിക്കാന്‍ ഉത്തരവ്. കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍(കെഡിഎച്ച്‌പി) അധികൃതരുടെ ഭാഗത്തുനിന്നാണ് വീഴ്ചയുണ്ടായത്. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് സംസ്ഥാന ദുരന്ത നിവാരണ കമ്മീഷണര്‍ എ കൗശികനെ ചുമതലപ്പെടുത്തി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉത്തരവിട്ടു.
ആവശ്യമായ വിദഗ്ദ്ധരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്താനും റവന്യൂ മന്ത്രി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ജയതിലകിന് നിര്‍ദ്ദേശം നല്‍കി. പെട്ടിമുടി ദുരന്തം പുറംലോകത്തെ അറിയിക്കുന്നതില്‍ വീഴ്ച വന്നോയെന്ന കാര്യം പരിശോധിക്കണമെന്ന പ്രത്യേക ദൗത്യസംഘത്തിന്റെ റിപ്പോര്‍ട്ടിലെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദുരന്തം ജില്ലാഅധികൃതരെ അറിയിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വന്നുവെന്നും വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ പിഴവുണ്ടായി എന്നുമുള്ള ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ വിശദമായി പരിശോധിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇടുക്കി ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം നടത്തിയ പ്രത്യേക ദൗത്യസംഘത്തിന്റെ റിപ്പോര്‍ട്ടാണ് കലക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നത്. ആഗസ്ത് ആറിന് രാത്രി നടന്ന ദുരന്തം 12 മണിക്കൂര്‍ വൈകിയാണ് പുറം ലോകമറിയുന്നത്. അതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ വൈകിയെന്നും ഒട്ടേറെ ജീവഹാനി സംഭവിച്ചെന്നുമുള്ള പരാമര്‍ശങ്ങളടങ്ങിയ അന്വേഷണ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കപ്പെട്ടത്. രാത്രിയില്‍ നടന്ന ദുരന്തത്തെ കുറിച്ച് കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ കമ്പനി ഫീല്‍ഡ് ഓഫീസറെ അറിയിച്ചിരുന്നുവെന്നാണ് വിവരം. സമയബന്ധിതമായി അന്വേഷ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.