കൊച്ചി: മുന്‍ ഉത്തരവ് പ്രകാരം ശമ്പളത്തിന് ആനുപാതികമായി ആറുമാസത്തിനകം പി.എഫ്. പെന്‍ഷന്‍ നല്‍കണമെന്ന് ഹൈക്കോടതി. 2018 ഒക്ടോബര്‍ 12-ലെ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പെന്‍ഷന്‍ സ്‌കീം നടപ്പാക്കാനാണ് ജസ്റ്റിസ് എ.എം. ഷെഫീഖും ജസ്റ്റിസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. സുപ്രീംകോടതിയില്‍ ഇ.പി.എഫും കേന്ദ്ര തൊഴില്‍മന്ത്രാലയവും നല്‍കിയിരിക്കുന്ന ഹര്‍ജികളുടെ തീര്‍പ്പിനു വിധേയമായിരിക്കും ഇതെന്നും കോടതി വ്യക്തമാക്കി.
ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തത് ചോദ്യംചെയ്തുള്ള എണ്‍പതോളം കോടതിയലക്ഷ്യ ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ഈ നിര്‍ദ്ദേശം. കോടതിയലക്ഷ്യ ഹര്‍ജിയില്‍ കക്ഷിചേര്‍ന്ന നാനൂറോളം പേരുടെ കാര്യത്തിലാണ് ഇപ്പോഴത്തെ നിര്‍ദ്ദേശം ബാധകം. കേരള ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍, എച്ച്.ഒ.സി., എച്ച്.എന്‍.എല്‍. തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്.
രണ്ടുവര്‍ഷം മുന്‍പ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാന്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ.) തയ്യാറായില്ല. കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് കുറെയധികം ആളുകള്‍ക്ക് ഇതിനനുസരിച്ചുള്ള പെന്‍ഷന്‍ അന്ന് നല്‍കിത്തുടങ്ങി.
എന്നാല്‍ ഇതിനുപിന്നാലെ ഇ.പി.എഫ്.ഒ. സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഇത് തള്ളി. പിന്നാലെ പുനഃപരിശോധനാഹര്‍ജി നല്‍കി. ഇതോടൊപ്പം കേന്ദ്ര തൊഴില്‍മന്ത്രാലയവും സുപ്രീംകോടതിയെ സമീപിച്ചു. ഇവ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നതിന്റെ പേരില്‍ ഇ.പി.എഫ്. സെന്‍ട്രല്‍ കമ്മിഷണര്‍ ഉയര്‍ന്ന പെന്‍ഷന്‍ ഇപ്പോള്‍ നല്‍കേണ്ടതില്ലെന്ന സര്‍ക്കുലര്‍ ഇറക്കി.
തുടര്‍ന്നാണ് ഹൈക്കോടതിയില്‍ വീണ്ടും കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്. ഇ.പി.എഫ്. പെന്‍ഷന്‍ നടപ്പാക്കുന്നതിനുമുമ്പ് ഒരാള്‍ക്ക് ലഭിച്ചിരുന്ന പെന്‍ഷന്‍ 1500 മുതല്‍ 3000 വരെ രൂപയായിരുന്നു. ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ നല്‍കുമ്പോള്‍ ഇത് ഗണ്യമായി വര്‍ധിക്കും. എന്നാല്‍ ഇത്തരത്തില്‍ ഉയര്‍ന്ന പെന്‍ഷന്‍ നല്‍കാന്‍ പര്യാപ്തമായ തുക കൈവശമില്ലെന്നാണ് ഇ.പി.എഫ്.ഒ.യുടെ വാദം.