ഇടുക്കി : ഹര്‍ത്താല്‍ ദിന ആക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇടുക്കി നെടുങ്കണ്ടത്ത് ഇന്നലെ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. മലപ്പുറത്ത് പ്രകടനം നടത്തിയവര്‍ക്കെതിരെ യു.എ.പി.എ ചുമത്തി. കണ്ണൂർ മട്ടന്നൂരിൽ ഹർത്താൽ ആക്രമങ്ങളുമായി ബന്ധപ്പെട്ട് 3 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് അറസ്റ്റിലായത്. ഇരുപത്തൊന്നാം മൈലിൽ ബൈക്ക് യാത്രക്കാരന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ സഫ്വാനെയും പോലീസിനെ ആക്രമിച്ച കേസിൽ സത്താർ, സജീർ എന്നിവരെയുമാണ് അറസ്റ്റു ചെയ്തത്. ആളൊഴിഞ്ഞ കെട്ടിടത്തിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്.
പത്തനംതിട്ട കോന്നി കുമ്മണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്‍ മുഹമ്മദ് ഷാനു അറസ്റ്റിലായി. മറ്റൊരു പ്രവര്‍ത്തകനായ അജ്മലിന്റെ വീട്ടിലും പരിശോധന നടത്തി. അജ്മൽ ഒളിവിലാണ്. ഹര്‍ത്താല്‍ദിനത്തില്‍ വകയാറിൽ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ കേസിലെ പ്രതികളാണ് ഇരുവരും . പി.എഫ്.ഐ നിരോധനത്തിന് പിന്നാലെ മലപ്പുറത്ത് അരീക്കോട്ടും എടവണ്ണയിലും പ്രകടനം നടത്തിയവര്‍ക്കെതിരെയാണ് യു.എ.പി.എ ചുമത്തിയത്.
എടവണ്ണയില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ഇടുക്കി നെടുങ്കണ്ടത്ത് പ്രകടനം നടത്തിയ ഏഴ് പോപ്പുലർ ഫ്രണ്ട് , ക്യാംപസ് ഫ്രണ്ട് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. അനുമതിയില്ലാതെ സംഘം ചേരുക, പൊതുസ്ഥലത്ത് ഗതാഗതം തടസപ്പെടുത്തുക, നാട്ടുകാരുടെ സ്വൈര്യ ജീവിതത്തിന് ഭംഗം വരുത്തുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് നെടുങ്കണ്ടം പോലീസ് കേസ് എടുത്തത്.