ന്യൂയോര്‍ക്ക് : കോവിഡ് ആന്റി വൈറല്‍ ഗുളിക 90 ശതമാനം ഫലപ്രദമെന്ന് ഫൈസര്‍. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെയും ഗുളിക ഫലപ്രദമെന്ന് കമ്പനി അവകാശപ്പെട്ടു. ഗുരുതര രോഗബാധിതരുടെ മരണവും ആശുപത്രിവാസവും ഒഴിവാക്കാനും ഗുളികയ്ക്കാകുമെന്നും കമ്പനി പറഞ്ഞു. 10 ലക്ഷം പേര്‍ക്കുള്ള ഗുളിക വാങ്ങുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. പാക്‌സ്ലോവിഡ് എന്നറിയപ്പെടുന്ന ഗുളിക ഏകദേശം 1,200 പേരില്‍ നടത്തിയ ഇടക്കാല ഫലങ്ങളെ അടിസ്ഥാനമാക്കി, ആശുപത്രി വാസമോ മരണമോ തടയുന്നതില്‍ 89 ശതമാനം ഫലപ്രദമാണെന്ന് കമ്പനി കഴിഞ്ഞ മാസം അവകാശപ്പെട്ടിരുന്നു.
1,000 പേരെ കൂടി ഉള്‍പ്പെടുത്തിയാണ് അന്തിമഫലം വെളിപ്പെടുത്തിയത്. യുഎസില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ചൊവ്വാഴ്ച എട്ടു ലക്ഷമായി ഉയര്‍ന്നു. യുഎസ് ജനസംഖ്യയുടെ 60 ശതമാനം പേരും പൂര്‍ണമായി വാക്‌സീന്‍ എടുത്തിട്ടുണ്ട്. വാക്‌സീന്‍ ലഭ്യമാക്കിയ തുടക്കത്തില്‍ രാജ്യത്തെ മരണസംഖ്യ ഏകദേശം 3,00,000 ആയിരുന്നു. ജൂണ്‍ പകുതിയോടെ ഇത് 6 ലക്ഷത്തിലും ഒക്ടോബറില്‍ 7 ലക്ഷത്തിലും എത്തി. ഏറ്റവും കൂടുതല്‍ കോവിഡ് മരണം രേഖപ്പെടുത്തിയ രാജ്യവും യുഎസാണ്. കോവിഡ് ബാധിച്ച് മരിച്ച 5.3 ദശലക്ഷം മരണങ്ങളില്‍ 15 ശതമാനവും യുഎസിലാണ്.