ഫോൺ ചോർത്തൽ വിവാദം ഇപ്പോൾ കത്തി പടരുന്നു. ആപ്പിൾ ആണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് ഉപഭോക്താക്കൾക്ക് നൽകിയത്. എന്നാൽ ഇതേ ആപ്പിൾ ഫോണുകളിൽ തന്നെ ചോർത്തൽ തടയാൻ ഒരു സംവിധാനവും കമ്പനി നൽകിയിട്ടുണ്ട്. അതാണ് ‘ലോക്ഡൗണ്‍ മോഡ്. പുതിയ ഐഫോണുകളിലും ഐപാഡുകളിലും ഉള്ള ‘ലോക്ഡൗണ്‍ മോഡ്’ ശ്രദ്ധാകേന്ദ്രമാകുകയാണ്.
എന്താണ് ലോക്ഡൗണ്‍ മോഡ്?
തങ്ങളുടെ ഐഫോണുകളെയും മറ്റും ലക്ഷ്യമിട്ട് ആക്രമണം ഉണ്ടാകുന്നുവെന്നു ഭയപ്പെടുന്നവര്‍ക്കും പ്രയോജനപ്പെടുത്താനായി ആപ്പിള്‍ ഒരുക്കിയിരിക്കുന്ന സുശക്തമായ സോഫ്റ്റ്‌വെയര്‍ കവചമാണ് ലോക്ഡൗണ്‍ മോഡ്. ഇത് എങ്ങനെ പ്രവര്‍ത്തിപ്പിക്കാം എന്നു നോക്കാം. ഐഓഎസ് 16, ഐപാഡ് ഓഎസ് 16, വാച്ച്ഓഎസ് 10, മാക്ഓഎസ് വെഞ്ചുറാ എന്നീ സോഫ്റ്റ്‌വെയര്‍ വേര്‍ഷനുകള്‍ ആണ് ഉള്ളതെങ്കില്‍ ഇനി പറയുന്ന പാതയില്‍ എത്തുക. സെറ്റിങ്‌സ്, പ്രൈവസി, ആന്‍ഡ് സെക്യുരിറ്റി ലോക്ഡൗണ്‍ മോഡ് ഇവിടെ ഒരു ടോഗിള്‍ സ്വിച്ച് കാണാം. ഇത് ഓണാക്കി വെയ്ക്കുക.
ഇത് നിങ്ങളുടെ ഫോണിൽ ഓണാക്കി കഴിഞ്ഞാൽ ചില കോട്ടങ്ങളും ഉണ്ട്. അതിനാലാണ് ഇത് അതിസുരക്ഷ ആവശ്യമുള്ളവര്‍ മാത്രം പ്രവര്‍ത്തിപ്പിച്ചാല്‍ മതി എന്ന് ആപ്പിള്‍ പറയുന്നത്. ഇസ്രായേലി ഹാക്കര്‍ ഗ്രൂപ്പായ എന്‍എസ്ഓയുടെ കുപ്രസിദ്ധമായ പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇന്ത്യയിലെ അടക്കം പ്രമുഖര്‍ക്കു നേരെ ആക്രമണം ഉണ്ടായതിനു ശേഷമായിരുന്നു ആപ്പിള്‍ ലോക്ഡൗണ്‍ മോഡിന്റെ പ്രതിരോധവുമായി എത്തിയത്. പെഗാസസ് ഉപയോഗിച്ച് ഒരാളുടെ ഫോണിനു നേരെ ആക്രമണം ഉണ്ടാകണമെങ്കില്‍ അതിന് കമ്പനിക്ക് വന്‍ തുക നല്‍കണം. ചുരുക്കിപ്പറഞ്ഞാല്‍ സാധാരണക്കാര്‍ക്കെതിരെയൊന്നും പെഗാസസ് പോലെയുള്ള ആക്രമണം ഉണ്ടാവില്ല. അതേസമയം ഉന്നത വ്യക്തികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയും എന്ന അവകാശവാദമാണ് ആപ്പിള്‍ നടത്തിയിട്ടുള്ളത്.