പത്തനംതിട്ട : ശബരിമല തീര്‍ഥാടനം സുഗമമാക്കുന്നതിനും കൃത്യതയാര്‍ന്ന പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനുമായി ജില്ലാഭരണകൂടം ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക പരിശീലന പരിപാടി നടത്തി. ആദ്യമായാണ് ഇങ്ങനെയൊരു പരിശീലനമെന്ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം നിര്‍വഹിച്ച ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പരിപാടി നടത്തുന്നതിനുള്ള തീരുമാനം. അടിയന്തരസാഹചര്യങ്ങളില്‍ ഉള്‍പ്പടെ കുറ്റമറ്റ നിലയിലുള്ള ഇടപെടലും പ്രശ്‌നപരിഹാരവുമാണ് നിയുക്ത ഉദ്യോഗസ്ഥരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. അതുകണക്കാക്കിയുള്ള പരിശീലനമാണ് സംഘടിപ്പിച്ചതെന്നും വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടിക്കെത്താന്‍ ബസ് സൗകര്യം ഏര്‍പ്പെടുത്തി. ശബരിമല എ.ഡി.എമ്മിനാണ് ഡ്യൂട്ടി ഉദ്യോഗസ്ഥരുടെ നിയന്ത്രണ ചുമതല. ഡ്യൂട്ടി-എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റ്മാര്‍ക്ക് യൂണിഫോം ഏര്‍പ്പെടുത്തി നിര്‍ബന്ധമായും ധരിക്കണം. സാനിട്ടേഷന്‍ സൂപ്പര്‍വൈസര്‍മാര്‍ വിശുദ്ധി സേനാംഗങ്ങളുടെ സേവനം കൃത്യതയാര്‍ന്നതെന്ന് ഉറപ്പാക്കണം. ഇവര്‍ മറ്റുജോലികളില്‍ ഏര്‍പ്പെടാന്‍ അനുവദിക്കരുത്, ചെയ്യിപ്പിക്കയുമരുത്. ഹാജര്‍ കര്‍ശനമാക്കണം.
സ്‌ക്വാഡുകള്‍ പരിശോധനകളെല്ലാം കൃത്യമായി നിര്‍വഹിക്കണം. ഹെല്‍ത്ത് കാര്‍ഡ്, വിലനിയന്ത്രണം ഉള്‍പ്പടെ നിരീക്ഷിച്ച് ഉറപ്പാക്കണം. നിശ്ചയിച്ച വില മാത്രം ഈടാക്കുന്നുവെന്നും വൃത്തിയുണ്ടന്നും വിലവിവരം പ്രദര്‍ശിപ്പിക്കുന്നുവെന്നും ഉറപ്പാക്കണം. ബയോ ടോയ്‌ലറ്റുകള്‍ കൃത്യതയോടെ സ്ഥാപിക്കണം. ദേവസ്വം ബോര്‍ഡ് ആവശ്യമായ എല്ലാ അനുമതികളും വാങ്ങി എന്നുറപ്പാക്കണം. പാര്‍ക്കിംഗ് ക്രമീകരണങ്ങളും സാധ്യമാക്കണം. ചുക്കുവെള്ളം വിതരണം തടസമില്ലാതെ നടത്തണം. പൊതുവിതരണ വകുപ്പ് ഹോട്ടലുകളിലെ വില ക്രമീകരിച്ചിട്ടുണ്ട്. 10 രൂപയ്ക്ക് കുടിവെള്ളം നല്‍കുന്നതിനും നിര്‍ദേശം നല്‍കി. പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പരിശോധനകള്‍ നടത്തുമെന്നും അറിയിച്ചു. സന്നിധാനം, പമ്പ, ഔട്ടര്‍ പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ഡ്യൂട്ടി – എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമാര്‍, സുപ്രധാന ഉദ്യോഗസ്ഥര്‍, സാനിട്ടേഷന്‍ സൂപ്പര്‍വൈസര്‍മാര്‍, ഇതരജീവനക്കാര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്. ശബരിമല എ.ഡി.എം ഡോ. അരുണ്‍ എസ്.നായര്‍, എ.ഡി.എം ബി. ജ്യോതി, ആര്‍.ഡി.ഒ രാധാകൃഷ്ണന്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ രാജലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.