പത്തനംതിട്ട : കനത്ത മഴ വകവെക്കാതെ ശബരിമല സന്നിധാനത്തേക്ക് തീർഥാടകർ. കന്നിമാസ പൂജ തൊഴാൻ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. പൂജകൾ പൂർത്തിയാക്കി ക്ഷേത്ര നട ഇന്ന് രാത്രി ഹരിവരാസനം പാടി അടയ്ക്കും. അത്താഴപൂജയ്ക്കു ശേഷം രാത്രി 10ന് മേൽശാന്തി അയ്യപ്പനെ ഭസ്മാഭിഷേകം നടത്തി ധ്യാനത്തിലാക്കിയാണ് നട അടയ്ക്കുക. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ലക്ഷാർച്ചന, കളഭാഭിഷേകം എന്നിവയുടെ ബ്രഹ്മകലശങ്ങൾ ഒരുമിച്ചു പൂജിച്ചു. കലശത്തിനു ചുറ്റും 25 ശാന്തിക്കാർ ഇരുന്ന് അയ്യപ്പ സഹസ്രനാമം ചൊല്ലി അർച്ചന കഴിച്ചു. ഉച്ചയോടെ ലക്ഷം മന്ത്രങ്ങൾ പൂർത്തിയാക്കി. വാദ്യമേളങ്ങളോടെ ആഘോഷമായാണ് കലശങ്ങൾ ശ്രീകോവിലിൽ എത്തിച്ചത്. തുടർന്ന് തന്ത്രി അയ്യപ്പ വിഗ്രഹത്തിൽ കളഭാഭിഷേകം നടത്തി. തുടർന്ന് ലക്ഷാർച്ചനയുടെ കലശത്തിലെ ഭസ്മവും അഭിഷേകം ചെയ്തു. വൈകിട്ട് പടിപൂജയും നടന്നു.
തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഒക്ടോബർ 17ന് വൈകുന്നേരം അഞ്ചുമണിക്ക് തുറക്കും. ഒക്ടോബർ 18ന് ആണ് തുലാം ഒന്ന്. ശബരിമലയിലെയും മാളികപ്പുറത്തെയും അടുത്ത ഒരു വർഷക്കാലത്തേക്കുള്ള പുറപ്പെടാ മേൽശാന്തിമാരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് തുലാമാസം ഒന്നാം തീയതി ആണ് നടക്കുന്നത്. ഇതിനായുള്ള അപേക്ഷകൾ പരിശോധിച്ച് പ്രാഥമിക പട്ടിക തയ്യാറാക്കി അഭിമുഖവും ദേവസ്വം ബോർഡ് ആസ്ഥാനത്ത് പൂർത്തിയാക്കിയിട്ടുണ്ട്. മണ്ഡല – മകരവിളക്ക് കാലം ആരംഭിക്കാൻ രണ്ടുമാസം മാത്രം ശേഷിക്കെ ഇതിനായുള്ള ഒരുക്കങ്ങളും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടക്കുകയാണ്.