തിരുവനന്തപുരം: വീണ്ടും കൊമ്പ് കോര്‍ത്ത് മുഖ്യനും കുഴല്‍നാടനും. മൂവാറ്റുപുഴ എം.എല്‍.എ മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ മുഖ്യമന്ത്രിയുടെ രോഷത്തിനിടയാവുന്നത് ഇത് രണ്ടാംവട്ടമാണ്. മകള്‍ വീണയ്ക്കെതിരെ ആരോപണമുന്നയിച്ച ശേഷം മുഖ്യമന്ത്രിയുടെ നോട്ടപ്പുള്ളിയാണ് കുഴല്‍നാടന്‍. കഴിഞ്ഞ ജൂണിലാണ് ആദ്യമായി കുഴല്‍നാടനെതിരെ മുഖ്യമന്ത്രി പൊട്ടിത്തെറിച്ചത്. സ്വര്‍ണക്കടത്ത് പ്രതി സ്വപ്നയെ സെക്രട്ടേറിയറ്റില്‍ നിയമിച്ച പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന്റെ ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ തനിക്ക് മെന്ററെപ്പോലെ (മാര്‍ഗ്ഗദര്‍ശി) ആണെന്ന് വീണയുടെ എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റില്‍ കുറിച്ചിരുന്നെന്നാണ് മാത്യുകുഴല്‍നാടന്‍ അന്ന് അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ പറഞ്ഞത്.
സ്വര്‍ണക്കടത്ത് വിവാദമുണ്ടായപ്പോള്‍ ഈ വെബ്സൈറ്റ് അപ്രത്യക്ഷമായി. കുറച്ചുകാലം കഴിഞ്ഞ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ബാലകുമാറിനെക്കുറിച്ചുള്ള വാക്യങ്ങള്‍ മാറ്റി. എന്ത് മറയ്ക്കാനാണ് ഈ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചത്. മെന്ററെപ്പോലെയെന്ന് മകള്‍ പറഞ്ഞ കാര്യം നിഷേധിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുമോ എന്നുമായിരുന്നു കുഴല്‍നാടന്റെ ചോദ്യം.
അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയുടെ അവസാനമാണ് മുഖ്യമന്ത്രി കുഴല്‍നാടന് മറുപടി നല്‍കിയത്. ” മാത്യുകുഴല്‍നാടന്റെ വിചാരം എങ്ങനെയും തട്ടിക്കളയാമെന്നാണ്. അതിനു വേറെ ആളെ നോക്കുന്നതാണ് നല്ലത്. എന്താ നിങ്ങള്‍ വിചാരിച്ചത് ? മകളെക്കുറിച്ച് പറഞ്ഞാല്‍ ഞാനങ്ങ് കിടുങ്ങിപ്പോകുമെന്നോ ? പച്ചക്കള്ളമാണ് നിങ്ങള്‍ ഇവിടെ പറഞ്ഞത്. അത്തരത്തിലുള്ള ഒരു വ്യക്തിയെയും എന്റെ മകള്‍ മെന്ററായിട്ട് പറഞ്ഞിട്ടില്ല. ഇങ്ങനെ സത്യവിരുദ്ധമായ കാര്യങ്ങളാണോ അവതരിപ്പിക്കുക? എന്തും പറയാം എന്നുള്ളതാണോ? അത്തരം കാര്യങ്ങള്‍ മനസില്‍ വെച്ചാല്‍ മതി.
ആളുകളെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി എന്തും പറയാമെന്ന സ്ഥിതിയുണ്ടാകരുത്. അസംബന്ധങ്ങള്‍ വിളിച്ചുപറയരുത്. അതാണോ ചെയ്യേണ്ടത് ? വേണ്ടാത്ത കാര്യങ്ങള്‍ പറയാനാണോ ഈ സഭാവേദി ഉപയോഗിക്കേണ്ടത്? രാഷ്ട്രീയമായി കാര്യങ്ങള്‍ പറയണം. സംസാരിക്കുന്ന വിഷയത്തെക്കുറിച്ച് എന്താണോ പറയാനുള്ളത് അതു പറയണം. ഞങ്ങളുടെ ഭാഗത്തുനിന്ന് തെറ്റുകളുണ്ടെങ്കില്‍ അതു പറയണം. വീട്ടില്‍ കഴിയുന്നവരെ ആക്ഷേപിക്കുന്ന നിലയാണോ എടുക്കേണ്ടത് ? അതാണോ സംസ്‌കാരം? അത്തരം കാര്യങ്ങളുമായിട്ടല്ല മുന്നോട്ടു പോകേണ്ടത്. ”- മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
കുഴല്‍നാടനെതിരെ മുഖ്യമന്ത്റി നടത്തിയ പരാമര്‍ശങ്ങളെ ഡെസ്‌കിലടിച്ച് ഭരണകക്ഷി അംഗങ്ങള്‍ പിന്തുണച്ചു. മുഖ്യമന്ത്രിക്ക് മറുപടി നല്‍കാന്‍ കുഴല്‍നാടന്‍ അനുമതി തേടിയെങ്കിലും സ്പീക്കര്‍ സമയം നല്‍കിയില്ല. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചു. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ നടത്തിയ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി മാത്യു കുഴല്‍നാടന്‍ പിന്നീട് പ്രതികരിച്ചു. അതിനുള്ള തെളിവുകളും പിന്നീട് പുറത്തുവിട്ടു.
ഈ വിവാദത്തിന്റെ ചൂടാറും മുന്‍പാണ് ഇന്ന് നിയമസഭയില്‍ വീണ്ടും കുഴല്‍നാടനെതിരേ മുഖ്യമന്ത്രി പൊട്ടിത്തെറിച്ചത്. മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് സി.പി.എം തണല്‍ നല്‍കുന്നെന്നും മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ച പണമുപയോഗിച്ച് അവര്‍ പാര്‍ട്ടിയുടെ പടികള്‍ ചവിട്ടിക്കയറുന്നെന്നുമുള്ള മാത്യു കുഴല്‍നാടന്റെ പരാമര്‍ശത്തിലായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രി പൊട്ടിത്തെറിച്ചത്. കുഴല്‍നാടന്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രി ക്ഷുഭിതനായത്. സിപിഎമ്മിനെക്കുറിച്ച് എന്ത് അസംബന്ധവും വിളിച്ചു പറയാനാകുമെന്നാണോ കരുതുന്നതെന്നു മുഖ്യമന്ത്രി ക്ഷുഭിതനായി ചോദിച്ചു.
‘എന്തും വിളിച്ചു പറയാന്‍ കഴിയുന്ന ആളായതിനാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി മാത്യു കുഴല്‍നാടനെ അതിനു ചുമതലപ്പെടുത്തിയിരിക്കുകയാണോ? ഈ രീതിയിലാണോ അടിയന്തര പ്രമേയം അവതരിപ്പിക്കേണ്ടത്. എന്തിനും ഒരു അതിരു വേണം. ആ അതിര് ലംഘിക്കാന്‍ പാടില്ല. എന്തും വിളിച്ചു പറയാനുള്ള വേദിയല്ല നിയമസഭ’-മുഖ്യമന്ത്രി പറഞ്ഞു.എന്നാല്‍ സിപിഎം നേതാക്കളുടെ മയക്കുമരുന്ന് മാഫിയ ബന്ധം ഇതിന്റെ തെളിവുകള്‍ താമസിയാതെ പുറത്ത് വിടുമെന്ന രീതിയിലാണ് കുഴല്‍നാടന്റെ നീക്കങ്ങള്‍ .’എന്തും വിളിച്ചു പറയാന്‍ കഴിയുന്ന ആളെന്ന്’ കുഴല്‍നാടനെക്കുറിച്ച് മുഖ്യമന്ത്രി പറയാന്‍ പാടില്ലായിരുന്നെന്നും താനാണ് തികഞ്ഞ ഉത്തരവാദിത്തതോടെ അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിക്കാന്‍ മാത്യു കുഴല്‍നാടനു നിര്‍ദേശം നല്‍കിയതെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മറുപടി നല്‍കി.
മണിച്ചന്‍ കേസില്‍ സുപ്രീംകോടതി ഉത്തരവിലെ ചില ഭാഗങ്ങള്‍ കുഴല്‍നാടന്‍ സഭയിലുന്നയിച്ചിരുന്നു. ജനപ്രതിനിധികള്‍ അടക്കമുള്ള പൊതുപ്രവര്‍ത്തകരെയും പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരെയും മണിച്ചന്‍ വിലയ്ക്കെടുത്തെന്നാണ് സുപ്രീംകോടതി ഉത്തരവിലുള്ളതെന്നാണ് കുഴല്‍നാടന്‍ പറഞ്ഞത്. ഉത്തരവിലെ 59-ാം ഖണ്ഡിക സഭയില്‍ വായിച്ച കുഴല്‍നാടന്‍ മണിച്ചനില്‍ നിന്ന് പണം വാങ്ങിയ ജില്ലാ സെക്രട്ടറിക്കെതിരേ സി.പി.എംനടപടിയെടുത്തെന്നും ആരോപിച്ചു.
മന്ത്രി എം.ബി രാജേഷാണ് ഇതിനു മറുപടി നല്‍കിയത്. മണിച്ചന്‍ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തത് എല്‍.ഡി.എഫ് സര്‍ക്കാരായിരുന്നെന്നും മണിച്ചന്‍ തഴച്ചുവളര്‍ന്നത് യു.ഡി.എഫ് കാലത്താണെന്നും രാജേഷ് തിരിച്ചടിച്ചു. സുപ്രീംകോടതി ഉത്തരവില്‍ ഏതെങ്കിലും പാര്‍ട്ടിയുടെ പേര് പറഞ്ഞിട്ടില്ല. ഉത്തരവ് മാത്യു വായിച്ചതോടെ ആരെക്കുറിച്ചാണെന്ന് മനസിലായെന്നും കുഴല്‍നാടന്‍ മലര്‍ന്നു കിടന്ന് തുപ്പുകയാണെന്നും രാജേഷ് പറഞ്ഞു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.