തിരുവനന്തപുരം : ഏറെ പുതുമുഖങ്ങളുള്ള ടീമുമായി ആയിരുന്നു ക്യാപ്റ്റന്റെ രണ്ടാം ഇന്നിങ്‌സ്. എന്നാൽ ശബരിമല വിഷയത്തിൽ ഇടപെട്ടതുമുതൽ എന്നും വിവാദങ്ങളുടെ നെറുകയിലാണ് സിപിഎം. ഒന്നിന് പുറകെ ഒന്നായി വേട്ടമൃഗമാകുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയും പിണറായി സർക്കാരും ആണ്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തി ആറുമാസം പിന്നിട്ടപ്പോൾ വിവാദ കൊടുങ്കാറ്റ് വീശിയടിച്ചത് രണ്ടു മരം മുറിയിലാണ്. മുട്ടിൽ മരം മുറിക്ക് പിന്നാലെ മുല്ലപ്പെരിയാർ മരം മുറിയും പിടിച്ചുലയ്ക്കുമ്പോഴാണ് സർക്കാർ ആറുമാസം എങ്ങനൊക്കെയോ തള്ളിനീക്കിയത്.
മോൻസൺ മാവുങ്കലിന്റെ കേസും ചട്ടം ലംഘിച്ച ദത്തും വിവാദമായതോടെ കോവിഡ് എന്ന മഹാമാരി കേരളത്തെ പിടിച്ചു കുലുക്കിയപ്പോൾ ദിവസേനയുള്ള കണക്കു വിവരങ്ങൾ ജനങ്ങൾക്ക് മുൻപിൽ നേരിട്ട് അവതരിപ്പിച്ചു കൊണ്ടിരുന്ന മുഖ്യമന്ത്രി മാധ്യമങ്ങളോടുള്ള അകലം കൂട്ടി. പിന്നീട് മുല്ലപെരിയാറിലും ദത്തിലും പിണറായിയുടെ നീണ്ട മൗനം തന്നെ ചർച്ചയായി. ചരിത്ര വിജയവുമായി രണ്ടാം പിണാറായി സർക്കാർ അധികാരത്തിലേറുമ്പോൾ തന്നെ വിവാദങ്ങൾ കല്ലുകടിയായി മാറിയിരുന്നു. ദേശീയതലത്തിൽ ചർച്ചയായ കിറ്റെക്സ് വിവാദം സർക്കാരിനും കേരളത്തിനാകെയും തിരിച്ചടിയായി. സ്വർണക്കടത്ത്, ക്വട്ടേഷൻ, ശിശു പീഡനം ഉൾപ്പെടെ കുറ്റകൃത്യങ്ങളിലെ പാർട്ടി അണികളുടെ സാന്നിധ്യവും സർക്കാരിനു ക്ഷീണമായി. കോവിഡ് മരണക്കണക്കിലെ പൊരുത്തക്കേട് വെളിച്ചത്തായതോടെ അവകാശവാദങ്ങൾ സംശയ നിഴലിലായി.
കൂടാതെ കോവിഡിന്റെ മൂന്നാം തരംഗം ശക്തിപ്രാപിക്കുമ്പോൾ നിയന്ത്രണങ്ങൾ കർശനമാക്കേണ്ട പിണറായി സർക്കാർ മെഗാതിരുവാതിര നടത്തിയാണ് മാതൃക ആയത്. ഇത് വിവാദമായതോടെ സിപിഎം മാപ്പ് ചോദിച്ചെങ്കിലും അണികൾ ഇതിനെ വെറുമൊരു തുടക്കമായാണ് കണക്കാക്കിയത്. കാരണം സിപിഎം കോവിഡ് ക്ലസ്റ്റർ വേദിയിൽ റിലാക്‌സേഷന് വേണ്ടി ഗാനമേള നടത്തിയാണ് ഇപ്പോൾ അണികൾ പുതിയ പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. എന്തായാലും കൂനിൻമേൽ കുരു എന്ന അവസ്ഥയിലാണ് പിണറായി സർക്കാർ. സിപിഎം തിരുവനന്തപുരം ജില്ലാസമ്മേളന വേദിയിലാണ് ഗാനമേള നടത്തിയത്. കൂടാതെ തിരുവനന്തപുരത്തെ മെഗാതിരുവാതിര വിവാദമായിരിക്കെ തൃശ്ശൂരിലും സിപിഎം തിരുവാതിര സംഘടിപ്പിച്ചു. സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റിയാണ് തിരുവാതിരക്കളി സംഘടിപ്പിച്ചത്. സിപിഎം മെഗാ തിരുവാതിരയുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് ക്ഷമാപണം നടത്തിയെങ്കിൽ, തൃശൂരില്‍ തിരുവാതിര നടത്തിയതിനെ ന്യായീകരിക്കുകയാണ് സിപിഎം ചെയ്തത്.
മാത്രമല്ല ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ മാറും മുൻപ് നടത്തിയ തിരുവാതിര വൻ വിവാദമായതിന് പിന്നാലെയാണ് ഗാനമേളയും നടത്തിയത്. തിരുവാതിര നടത്തിയതിലെ അനൗചിത്യം തുറന്ന് പറഞ്ഞുള്ള ക്ഷമാപണത്തിന് പിന്നാലെയാണിതെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട സവിശേഷത. സൂപ്പർ ഹിറ്റായി മാറിയ പുതിയ സിനിമാ ഗാനങ്ങളാണ് സമ്മേളന വേദിയിൽ ഉത്സാഹഭരിതമാക്കിയത്. കേട്ടുനിന്ന പ്രവർത്തകർക്കും പ്രതിനിധികൾക്കും പരിപാടി ആവേശമായി. സമാപന സമ്മേളനത്തിന് മുന്നോടിയായാണ് പ്രതിനിധികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായി ഗാനമേള നടത്തിയത്.
ടിപിആര്‍ 30 ശതമാനത്തിന് മേലെ നില്‍ക്കുന്ന ജില്ലയില്‍ പൊതുപരിപാടികള്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് ഇതെല്ലാം പാടേ അവഗണിച്ചുകൊണ്ട് ഗാനമേള നടന്നത്. സമ്മേളന തലേന്നത്തെ മെഗാ തിരുവാതിരയുണ്ടാക്കിയ പൊല്ലാപ്പൊന്നും കണക്കിലെടുക്കാതെയായിരുന്നു ഗാനമേള സംഘടിപ്പിച്ചത്. പ്രതിനിധികള്‍ക്കൊപ്പം നേതാക്കളും റെഡ് വാളണ്ടിയര്‍മാരും പ്രാദേശിയ നേതാക്കളും സംഘാടകരും ഗാനമേള ആസ്വദിച്ചു. ജില്ലയില്‍ ഒരുതരത്തിലുള്ള പൊതുപരിപാടിയും പാടില്ലെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവുണ്ട്. ഇക്കാര്യത്തില്‍ കളക്ടറും ഉത്തരവിറക്കിയിട്ടുണ്ട്. ഇതൊന്നും വകവെക്കാതെയായിരുന്നു ജില്ലാ സമ്മേളന വേദിയിലെ ഗാനമേള. സർക്കാർ സാധാരണക്കാരായ ജനങ്ങളിൽ നിയന്ത്രങ്ങൾ അടിച്ചേൽപ്പിക്കുമ്പോഴാണ് സമ്മേളനം എന്നപേരിൽ തിരുവാതിരയും ഗാനമേളയും നടത്തി കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സഖാക്കൾ ആഹ്ലാദചിത്തരാകുന്നത്.