പത്തനംതിട്ട : പട്ടികജാതി, പട്ടികവര്‍ഗ്ഗ ജനവിഭാഗത്തെ പിണറായി സര്‍ക്കാര്‍ ക്രൂരമായി അവഗണിക്കുകയാണെന്നും ഇത് ജാതീയ വിവേചനമാണെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു പ്രസ്താവിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്‌ട്രേറ്റിന് മുന്നില്‍ ആരംഭിച്ച രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വാര്‍ഷിക പദ്ധതിയില്‍ പട്ടികജാതി വിഭാഗത്തിന്റെ 612 കോടി രൂപയാണ് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. പട്ടികജാതിക്കാര്‍ക്കായി പി.എസ്.സി നടത്തിയിരുന്ന സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ഇല്ലാതാക്കിയും വിദ്യാര്‍ത്ഥികളുടെ ലംപ്‌സം ഗ്രാന്റും സ്‌കോളര്‍ഷിപ്പും പിടിച്ചുവെച്ചും സര്‍ക്കാര്‍ ഒരു സമൂഹത്തെ ജീവിക്കാന്‍ അനുവദിക്കുന്നില്ല. സി.പി.എം പാര്‍ട്ടിയെ കേരളത്തില്‍ വളര്‍ത്തിയ ദളിത് സമൂഹത്തോട് സി.പി.എമ്മിനുള്ള വെറുപ്പാണ് ഇത് തെളിയിക്കുന്നതെന്നും പഴകുളം മധു പറഞ്ഞു.
2025 വര്‍ഷത്തെ എസ്.സി, എസ്.റ്റി പ്ലാന്‍ ഫണ്ടില്‍ നിന്നും വെട്ടിക്കുറച്ച 612 കോടി രൂപ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തുക, എസ്.എസ്, എസ്.റ്റി വിദ്യാര്‍ത്ഥികളുടെ മുടങ്ങിക്കിടക്കുന്ന ഉപരിപഠനം ധനസഹായം ഉടന്‍ വിതരണം ചെയ്യുക, തദ്ദേശസ്ഥാപനങ്ങള്‍ ലൈഫ് മിഷനില്‍ മുടങ്ങിക്കിടക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ ഭവന പദ്ധതികള്‍ നടപ്പിലാക്കുവാന്‍ അടിയന്തര ഫണ്ട് അനുവദിക്കുക, വിദേശ സര്‍വകലാശാലകള്‍ സ്ഥാപിക്കുമ്പോള്‍ നിയമനത്തിലും ഉടമസ്ഥതയിലും സംവരണം ഉറപ്പാക്കുക, ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും ബോര്‍ഡ്-കോര്‍പ്പറേഷനുകളില്‍ നിന്നും കൃത്യമായി വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്ത് പി.എസ്.സി വഴി മുടങ്ങിക്കിടക്കുന്ന സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് പുനഃസ്ഥാപിക്കുക, പട്ടികജാതി-പട്ടികവര്‍ഗ്ഗ കോര്‍പ്പറേഷനും പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷനും പ്ലാന്‍ ഫണ്ട് അനുവദനീയമായ തുക അനുവദിക്കുക, രാജമാണിക്യം റിപ്പോര്‍ട്ട് നടപ്പാക്കുക, പാട്ട കാലാവധി കഴിഞ്ഞ ഭൂമി ഗവണ്‍മെന്റ് ഏറ്റെടുത്ത് ഭൂമിയില്ലാത്ത പട്ടികജാതിക്കാര്‍ക്ക് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഭാരതീയ ദളിത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി പത്തനംതിട്ട ജില്ലാ കളക്‌ട്രേറ്റിന് മുമ്പില്‍ 2025 മെയ് 27 ന് രാവിലെ 10 മണി മുതല്‍ മെയ് 28 ന് രാവിലെ 11 മണി വരെയാണ് രാപ്പകല്‍ സമരം നടത്തുന്നത്.
ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എ.കെ. ലാലു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍രാജ്, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ.സുരേഷ് കുമാര്‍, കെ. ജാസിം കുട്ടി, അജോമോന്‍, രമ ജോഗീന്ദര്‍, മഞ്ജു വിശ്വനാഥ്, കുറക്കട മധു, എം.വി. ഫിലിപ്പ്, ജി. രഘുനാഥ്, റനീസ് മുഹമ്മദ്, ഹരികുമാര്‍ പൂതങ്കര, സി.കെ. അര്‍ജുനന്‍, കെ.എന്‍. രാജന്‍, മണ്ണില്‍ രാഘവന്‍, സൂരജ് മന്മദന്‍, ഉത്തമന്‍, ജോഗീന്ദര്‍, തൃദീപ് ചിറ്റാര്‍, അനില്‍ കൊച്ചുമൂഴിക്കല്‍, അബ്ദുള്‍കലാം ആസാദ്, അജിത് മണ്ണില്‍, രാജു എം.പി, അരവിന്ദ് സി. ഗോപാല്‍, സന്തോഷ് തണ്ണിത്തോട്, ജയന്‍ ബാലകൃഷ്ണന്‍, രാജന്‍ തേവര്‍കാട്ടില്‍, എം.ജി. ശ്രീകുമാര്‍, തങ്കപ്പന്‍ കാവാടി, ശ്യാം എസ്. കോന്നി, കെ.കെ. കുട്ടപ്പന്‍, സ്വാമിനാഥന്‍ ഇലന്തൂര്‍, അഡ്വ. ബിജിലാല്‍, സുരേഷ് പാണില്‍ എന്നിവര്‍ പ്രസംഗിച്ചു.