തിരുവനന്തപുരം : മന്ത്രിമാര്‍ അറിയാതെയും, മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയില്ലാതെയും ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍ പ്രതിഷേധിച്ച സി.പി.ഐ മന്ത്രിമാരോട് രോഷാകുലനായി മുഖ്യമന്ത്രി. ‘പുതിയ മന്ത്രിയാവുമ്പോള്‍ പരിചയക്കുറവുണ്ടാകും. മന്ത്രിസഭായോഗം അതൃപ്തി ഉന്നയിക്കാനുള്ള വേദിയാണ്. എന്നാല്‍ നിങ്ങള്‍ (സി.പി.ഐ മന്ത്രിമാര്‍) എന്താണ് ചെയ്‌തത്? അതൃപ്തിയറിയിച്ച് കത്തെഴുതിയശേഷം സകല മാദ്ധ്യമങ്ങള്‍ക്കും കൊടുത്ത് വാര്‍ത്തയാക്കിയില്ലേ? ഇത്രയൊക്കെ ചെയ്‌തിട്ട് പിന്നെ ഇവിടെ വന്ന് ഉന്നയിക്കുന്നത് എന്തിനാണ്?”- ഇന്നലെ ചേര്‍ന്ന ഓണ്‍ലൈന്‍ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി ചോദിച്ചു.
സി.പി.ഐയുടെ വകുപ്പുകളില്‍ വിവാദനായകരായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍ പാര്‍ട്ടിയുടെ പ്രതിഷേധം മന്ത്രി കെ.രാജന്‍ അറിയിച്ചപ്പോഴാണ് മുഖ്യമന്ത്രി രോഷാകുലനായത്. ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ ജോയിന്റ് സെക്രട്ടറി റാങ്കില്‍ ജനറല്‍ മാനേജരായി നിയമിച്ചതില്‍ മന്ത്രി ജി.ആര്‍ അനില്‍ അതൃപ്തിയറിയിച്ചെന്ന മാദ്ധ്യമവാര്‍ത്തയും ഇതിന് ആക്കം കൂട്ടി.
ഐ.എ.എസ് നിയമനങ്ങള്‍ മന്ത്രിസഭ തീരുമാനിച്ചിരുന്ന കീഴ്‌വഴക്കം തുടരണമെന്നും, കളക്ടര്‍മാര്‍ നിയമനത്തില്‍ അതത് ജില്ലയില്‍ നിന്നുള്ള മന്ത്രിമാരുടെ അഭിപ്രായം തേടണമെന്നും രാജന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പരാതി വാര്‍ത്തയായതിന്റെ ഉത്തരവാദിത്വം വകുപ്പ് മന്ത്രിക്കാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രീറാമിന്റെ നിയമനം താനറിഞ്ഞില്ലെന്ന് ഇതിനിടയില്‍ മന്ത്രി അനില്‍ പറഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കുന്നയാളാണ് ചീഫ് സെക്രട്ടറി എന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ തുടര്‍ചര്‍ച്ചയുണ്ടായില്ല. മന്ത്രിസഭായോഗത്തില്‍ ഇനി ചര്‍ച്ചയുണ്ടാകുമോയെന്നും വ്യക്തമാക്കിയില്ല.
ആലോചിക്കാതെ വകുപ്പദ്ധ്യക്ഷന്മാരെയും കളക്ടര്‍മാരെയും നിയമിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് കഴിഞ്ഞാഴ്ചയിലെ മന്ത്രിസഭാ യോഗത്തിലും സി.പി.ഐ മന്ത്രിമാര്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ചില സി.പി.എം മന്ത്രിമാരും അതിനെ പിന്തുണച്ചു. ഇതേത്തുടര്‍ന്ന് ബന്ധപ്പെട്ട മന്ത്രിയുമായി ആലോചിച്ചിട്ടേ വകുപ്പ് മേധാവികളെ നിശ്ചയിക്കാവൂവെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു.
വീണ്ടും തലവേദനയായി ശ്രീറാം
മാദ്ധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ ജനറല്‍മാനേജരായി നിയമിച്ചപ്പോള്‍ വകുപ്പുമന്ത്രിയായ തന്നെ ഇരുട്ടില്‍ നിറുത്തിയതാണ് മന്ത്രി അനിലിനെ ചൊടിപ്പിച്ചത്.
ആലപ്പുഴ കളക്ടറായി നിയമിച്ച ശ്രീറാമിനെതിരെ പ്രതിപക്ഷവും മുസ്ലിം സംഘടനകളും കേരള പത്രപ്രവര്‍ത്തകയൂണിയനും പ്രതിഷേധിച്ചിരുന്നു. മഴക്കെടുതിയുള്ള ആലപ്പുഴയില്‍ ദുരിതാശ്വാസ നടപടികള്‍ക്ക് കളക്ടര്‍ക്ക് പിന്തുണ ലഭിക്കാതിരുന്നതും പ്രതിഷേധമുയരുന്നതുമായ സാഹചര്യവും ഇന്റലിജന്റ്സ് വിഭാഗം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്തു. ഇതേത്തുടര്‍ന്നാണ് ശ്രീറാമിനെ മാറ്റിയത്. ഭരണനേതൃത്വത്തിലെ ഉന്നതരുടെ നിര്‍ദ്ദേശപ്രകാരമാണ് ചീഫ്സെക്രട്ടറി ഐ.എ.എസ് നിയമങ്ങളില്‍ ഉത്തരവിറക്കുന്നതെന്ന സംശയവും ചില മന്ത്രിമാര്‍ക്കുണ്ടെന്നാണ് സൂചന.
സ്വര്‍ണക്കടത്തില്‍ ആരോപണവിധേയനായ എം.ശിവശങ്കറിനെ മൃഗസംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കിയത് വകുപ്പുമന്ത്രി ചിഞ്ചുറാണി അറിയാതെയായിരുന്നെന്നും ആക്ഷേപമുണ്ടായിരുന്നു. ഹൗസിംഗ് ബോര്‍ഡ് കമ്മിഷണറായിരുന്ന എന്‍.ദേവിദാസിനെ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പില്‍ നിയമിച്ചത് വ്യവസായ മന്ത്രി പി.രാജീവ് അറിയാതെയാണെന്നും ആക്ഷേപമുണ്ട്. ഇതില്‍ രാജീവിനും അതൃപ്തിയുണ്ടായെന്നാണ് സൂചന.