തിരുവനന്തപുരം: ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന് അവരില്‍ തന്നെയാണ് അവിശ്വാസമെന്നു മുഖ്യമന്ത്രി പ്രതികരിച്ചു. ആരിലാണ് അവിശ്വാസം, എന്തിനാണ് അവിശ്വാസം. കോണ്‍ഗ്രസ് അടിത്തറയ്ക്കുമേല്‍ മേല്‍ക്കൂര നിലംപൊത്തിയ കെട്ടിടം പോലെയാണ്- മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ഒട്ടേറെ പ്രതികൂല സാഹചര്യങ്ങള്‍ ഉയര്‍ന്നു വന്നു. എന്നാല്‍ അതിലൊന്നിലും വികസന, ക്ഷേമ പദ്ധതികളില്‍ വിട്ടുവീഴ്ച വരുത്താതെ മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് കഴിഞ്ഞു. അത് പ്രതിപക്ഷത്തിന് അമ്പരപ്പുണ്ടാക്കി. അവര്‍ക്ക് ഇത്തരം പ്രതികൂല സാഹചര്യങ്ങള്‍ വരുമ്പോള്‍ വികസനം മുരടിച്ചുപോകും എന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അത് നഷ്ടപ്പെട്ടു. ആ നിലയ്ക്ക് അവരില്‍ തന്നെ അവിശ്വാസം ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കോണ്‍ഗ്രസ് അടിമുടി ബിജെപിയാകാന്‍ കാത്തിരിക്കുന്ന കൂട്ടമായി മാറി. കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം ബിജെപി ഏജന്റുമാരെന്നു വിശേഷിപ്പിക്കുന്നു. നേതാവിനെ തിരഞ്ഞെടുക്കാന്‍ കെല്‍പില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് അധഃപതിച്ചു. ജനങ്ങള്‍ക്കു സര്‍ക്കാരിനെ വിശ്വാസമുണ്ട്. 91 സീറ്റ് 93 ആയത് ജനങ്ങള്‍ക്കു സര്‍ക്കാരിലുള്ള വിശ്വാസം വര്‍ധിച്ചതിനു തെളിവാണ്. യുഡിഎഫിന് ജനങ്ങളില്‍ വിശ്വാസമില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. മുന്‍പ് ഉണ്ടായിരുന്ന ജനപിന്തുണ നഷ്ടപ്പെടുന്ന അവസ്ഥയാണ് അവര്‍ക്ക്. നിയമസഭയുടെ തുടക്കത്തില്‍ ഉണ്ടായിരുന്ന സീറ്റുകളില്‍ രണ്ടെണ്ണം നഷ്ടപ്പെട്ടുപോയിരിക്കുന്നു.
സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുന്നെന്ന പ്രചാരണം വ്യാജമാണ്. 2016-2019 കാലത്ത് റവന്യൂചെലവ് 11.95 ശതമാനമായി കുറഞ്ഞു. വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണം വിശദമാക്കി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഉണ്ട്. 600 വാഗ്ദാനങ്ങളില്‍ മുപ്പതോളം മാത്രമേ ഇനി പൂര്‍ത്തിയാകാനുള്ളൂ. അവശേഷിച്ച വാഗ്ദാനങ്ങള്‍ കാലാവധി പൂര്‍ത്തിയാകും മുന്‍പ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ 91 സീറ്റായിരുന്നു ഉണ്ടായിരുന്നത്. അതിപ്പോള്‍ 93 ആയി. ഇത് ജനങ്ങളുടെ വിശ്വാസത്തെയാണ് കാണിക്കുന്നത്. ജനവിശ്വാസത്തില്‍ ചോര്‍ച്ചയുണ്ടായത് യുഡിഎഫിനാണ്. ജനങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്നവരില്‍ യുഡിഎഫിന് വിശ്വാസമില്ലെന്നാണ് പ്രശ്‌നം. ജനങ്ങളെ വിശ്വാസമുണ്ടായിരുന്നെങ്കില്‍ കാല്‍ക്കീഴില്‍ നിന്ന് മണ്ണൊലിച്ചു പോകുന്നത് തങ്ങളുടേത് തന്നെയാണെന്ന് മനസിലാക്കാന്‍ പ്രതിപക്ഷത്തിനാകുമായിരുന്നു.