തിരുവനന്തപുരം : കോൺഗ്രസ്സിലെ മൂല്യാധിഷ്ഠിത രാഷ്ട്രീയ പ്രവർത്തനത്തിന്റെ മുഖമായിരുന്നു കെ ശങ്കരനാരായണനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. വിദ്വേഷത്തിന്റെയോ മറ്റ് ഏതെങ്കിലും വിഭാഗീയ പരിഗണനയുടെയോ അകമ്പടിയില്ലാതെ പൊതുപ്രശ്നങ്ങളെ നോക്കിക്കാണുകയും നെഹ്‌റൂവിയൻ കാഴ്ചപ്പാട് മതനിരപേക്ഷതയിലടക്കം ഉയർത്തിപിടിക്കുകയും ചെയ്ത പാരമ്പര്യമാണ് അദ്ദേഹത്തിന്റേത്.
ദീർഘകാലം യുഡിഎഫ് കൺവീനർ എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴും ജനകീയ പ്രശ്നങ്ങളിലും നാടിന്റെ വികസന പ്രശ്നങ്ങളിലും നിഷേധാത്മകമായ നിലപാട് സ്വീകരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. അന്ധമായ രാഷ്ട്രീയ ശത്രുതയുടെ സമീപനമല്ല, പൊതുപ്രവർത്തകരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനങ്ങൾക്ക് വേണ്ടി നിൽക്കണം എന്ന വിശാലമായ കാഴ്ചപ്പാടാണ് അദ്ദേഹം എന്നും മുറുകെപ്പിടിച്ചത്.
ഗവർണ്ണർ എന്ന നിലയിലും സംസ്ഥാനത്തെ മന്ത്രി എന്ന നിലയിലും നിയമസഭാ സാമാജികൻ എന്ന നിലയിലും ജനോപകാരപ്രദമായതും അധികാരപ്രമത്തത ബാധിക്കാത്തതുമായ നിലപാടുകളാണ് അദ്ദേഹം എന്നും സ്വീകരിച്ചത്. ശങ്കരനാരായണന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സന്തപ്ത കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.