തിരുവനന്തപുരം : അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഹരികൃഷ്ണനോട് മാന്യമല്ലാത്ത രീതിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പെരുമാറിയെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്നും അഡ്വ. വി. ജോയിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ജനുവരി അഞ്ചിനാണ് അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഹരികൃഷ്ണന്‍ കസ്റ്റംസിന്റെ ചോദ്യംചെയ്യലിന് ഹാജരായത്. അവിടെവെച്ചാണ് ഹരികൃഷ്ണന് വളരെ മോശപ്പെട്ട അനുഭവമുണ്ടായത്. അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും ഉദ്യോഗസ്ഥര്‍ പറയുന്ന തരത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. മാനസികമായി പീഡിപ്പിക്കുന്ന സമീപനമാണ് കസ്റ്റംസിന്റെ ഭാഗത്തുനിന്നുണ്ടായത്.
അതിനു ശേഷം ഹരികൃഷ്ണന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് തനിക്കുണ്ടായ അനുഭവങ്ങള്‍ വിശദീകരിച്ച് കത്ത് നല്‍കി. അതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചത്. ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുന്ന രീതിയാണിതെന്നും ഇത്തരം അനുഭവങ്ങള്‍ ഇനി ഒരുദ്യോഗസ്ഥനും ഉണ്ടാവരുതെന്നുമാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.