പത്തനംതിട്ട : കേന്ദ്ര അവഗണ ക്കെതിരെ സമരം ചെയ്യുവാനൊരുങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും അമിത്ഷായുടേയും കൂടുതൽ വിശ്വസ്തനും വിനീതനുമായ വിധേയനായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പ്രധാമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ കേരള സന്ദർശനത്തോടെ ഇത് പകൽ പോലെ വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃസംഗമം തിരുവല്ലയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെയ്യാത്ത സേവനത്തിന് മകൾ വാങ്ങിയത് കൈക്കൂലി തന്നെയാണെന്നത് കേന്ദ്ര ഏജസികൾ തെളിവു സഹിതം വ്യക്തമായിട്ടും മുഖ്യമന്ത്രി അത് മൂടി വെച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്‌റ്റ് ചെയ്ത് കേരളത്തിലെ യൂത്ത് കോൺഗ്രസിനെ ഉണർത്തി കൂടുതൽ സമരസജ്ജമാക്കിയതിന് മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്ന് വി.ഡി.സതീശൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്ത് കോൺഗ്രസ് കമ്മിറ്റികൾ ശക്തമാക്കി പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് വി.ഡി സതീശൻ അഭ്യർത്ഥിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗങ്ങളായ പ്രൊഫ.പി.ജെ കുര്യൻ, ആന്റോ ആന്റോ ആന്റണി എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ ഷുക്കൂർ, പഴകുളം മധു , യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, മുൻ ഡി.സി.സി പ്രസിഡന്റ് നേതാക്കളായ എൻ. ഷൈലാജ്, എ.ഷംസുദ്ദീൻ, ജോർജ്ജ് മാമ്മൻ കൊണ്ടൂർ, റിങ്കു ചെറിയാൻ, സതീഷ് ചാത്തങ്കേരി, മാത്യു ചാമത്തിൽ എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, റെജി തോമസ്, കെ.ജയവർമ്മ, തോപ്പിൽ ഗോപകുമാർ, ടി.കെ ഈപ്പൻ കുര്യൻ, എലിസബത്ത് അബു, രജനി പ്രദീപ് എന്നിവർ പ്രസംഗിച്ചു.