കാസര്‍കോട് : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അവഹേളിക്കുന്ന പരാമര്‍ശം നടത്തിയ ഇടുക്കി മുന്‍ എം.പി. ജോയ്‌സ് ജോര്‍ജിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അവഹേളിക്കുന്ന നിലപാട് ഇടതുപക്ഷത്തിന് ഇല്ലെന്ന് മുഖ്യമന്ത്രി കാസര്‍കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുക എന്നുള്ളതൊന്നും തങ്ങള്‍ സ്വീകരിക്കുന്ന നിലപാടല്ല. രാഷ്ട്രീയമായി അദ്ദേഹത്തെ എതിര്‍ക്കേണ്ട കാര്യങ്ങളില്‍ എതിര്‍ക്കുന്ന നിലപാട് സ്വീകരിക്കും- മുഖ്യമന്ത്രി പറഞ്ഞു. ഇരട്ടയാറില്‍ മന്ത്രി എം.എം. മണിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെയാണ് ജോയ്‌സ് ജോര്‍ജ് രാഹുലിന് എതിരെ അശ്ലീല പരാമര്‍ശം നടത്തിയത്.