തൊടുപുഴ : സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യത ലഭ്യമാകുന്ന സർവതലസ്പർശിയായ വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളപര്യടനത്തിന്റെ ഭാഗമായി നടത്തുന്ന ജില്ലാതല സാമൂഹിക സംഗമത്തിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം തൊടുപുഴയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ഗവൺമെന്റ് അധികാരത്തിൽ വന്ന 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നോട്ടുവച്ച പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളിൽ 570 എണ്ണവും പൂർത്തിയാക്കാൻ കഴിഞ്ഞു. മുപ്പതെണ്ണം മാത്രമാണ് ഇനി നടപ്പാക്കാനുള്ളത്. നമുക്കെല്ലാവർക്കും അറിയാവുന്നതു പോലെ അനവധി പ്രതിസന്ധികളാണ് ഈ കാലയളവിൽ നേരിടേണ്ടി വന്നത്.
നൂറ്റാണ്ടിലെ മഹാപ്രളയം, അതിനു തൊട്ടു പിന്നാലെ അതി രൂക്ഷമായ കാലവർഷക്കെടുതി, അതിന്റെ തുടർച്ചയായി ഇപ്പോഴുണ്ടായിരിക്കുന്ന കോവിഡ് മഹാമാരി. ഇത്രയും പ്രതിസന്ധികൾ നേരിടേണ്ടി വന്നപ്പോൾ നമുക്ക് ചില കാര്യങ്ങൾ ഉദ്ദേശിച്ചതുപോലെ പൂർത്തിയാക്കാനായില്ല. ഇനിയും കാലവർഷക്കെടുതിയോ മറ്റ് ദുരന്തമോ ഉണ്ടായാൽ തകരാത്ത കേരളം ആയിരിക്കണം നമുക്ക് സ്യഷ്ടിക്കേണ്ടത്. അതിന്റെ ഭാഗമായിട്ടാണ് കേരളത്തിന്റെ പുനർ നിർമ്മാണ പ്രവൃത്തിക്കുവേണ്ടി റീബിൽഡ് കേരള ഇനിഷ്യേറ്റീവ് എന്ന പദ്ധതിക്ക് രൂപം കൊടുത്തത്. വാഗ്ദാനങ്ങളിൽ ഇല്ലാത്ത അനവധി കാര്യങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ഇനിയും ബാക്കി നിൽക്കുന്നു.
വികസന കാര്യത്തിൽ നാടിന്റെ സഹകരണം ജനങ്ങളുടെ ഒരുമ ഇവയെല്ലാം പ്രധാന ശക്തിസ്രോതസ് ആയിരുന്നു. നാം സ്വീകരിച്ച നിലപാടിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട് അതായത് പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ എത്രകണ്ട് നടപ്പാക്കിയെന്നതിനെപ്പറ്റി ഓരോ വർഷവും ജനങ്ങളുമായി സംവദിച്ചു. നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് ഭരണ കാര്യങ്ങൾ സുതാര്യമായി മനസ്സിലാക്കുന്നതിനു സാഹചര്യം ഉണ്ടാക്കാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാടപ്പറമ്പിൽ കൺവൻഷൻ സെന്ററിൽ ചേർന്ന യോഗത്തിൽ വൈദ്യുതി മന്ത്രി എം എം മണി അധ്യക്ഷനായിരുന്നു. റോഷി അഗസ്റ്റിൻ എം എൽ എ, എസ് രാജേന്ദ്രൻ എം എൽ എ, മുൻ എംപി ജോയ്സ് ജോർജ്, മുൻ എംഎൽഎ കെ കെ ജയചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി കെ ഫിലിപ്പ്, എൽ ഡി എഫ് ജില്ലാ കൺവീനർ കെ കെ ശിവരാമൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. യോഗത്തിൽ പങ്കെടുത്ത സമൂഹത്തിന്റെ വിവിധ തുറകളിലുള്ള വ്യക്തികൾ മുഖ്യമന്ത്രിയുടെ മുമ്പാകെ വിവിധ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അവതരിപ്പിച്ചു.