തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം റദ്ദാക്കും വരെ വിശ്രമിക്കാന്‍ സമയമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎഎയും എന്‍പിആറും എന്‍ആര്‍സിയും കേരള മണ്ണില്‍ നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
പൗരത്വ നിയമത്തിനെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയ സംസ്ഥാനമാണ് കേരളമെന്നും നിയമത്തിനെതിരായ പ്രതിഷേധം എങ്ങനെ സമാധാനപരമായി പ്രകടിപ്പിക്കാം എന്നതിന് ഉത്തമോദാഹരണമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ യുവതലമുറയും, വിദ്യാര്‍ത്ഥികളും ഏറ്റെടുത്ത സമരമാണിതെന്നും അതുകൊണ്ട് തന്നെ നമുക്ക് വിശ്രമിക്കാന്‍ സമയമില്ലെന്നും വിജയം കാണുന്നതുവരെ ശക്തമായി പോരാടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെയുള്ള ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്ന കാഴ്ചയാണ് മനുഷ്യ മഹാശൃംഖലയ്ക്കാണ് നാം സാക്ഷ്യം വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമങ്ങള്‍ കേരള മണ്ണില്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.