തിരുവനന്തപുരം: ദുരന്തമുഖത്തേയ്ക്കു പറന്നിറങ്ങാന്‍ സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്ടറിനു മടി ; മഴ നനഞ്ഞാല്‍ പനിപിടിക്കുമെന്ന്. പാലവും റോഡും ഒലിച്ചുപോയി, മൂന്നാര്‍ രാജമലയിലെ ദുരന്തസ്ഥലത്തേക്ക് എത്താനാവാതെ രക്ഷാപ്രവര്‍ത്തകരും മെഡിക്കല്‍ സംഘവും പകച്ചുനിന്നപ്പോള്‍ എല്ലാവരും നോക്കിയത് സര്‍ക്കാരിന്റെ ഹെലികോപ്ടറിനെ. എങ്ങും കാണുന്നില്ല. ദുരന്തനിവാരണത്തിനും അടിയന്തര ഘട്ടങ്ങളിലും ഉപയോഗിക്കാന്‍ പ്രതിമാസം 1.70കോടി മുന്‍കൂര്‍നല്‍കി സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്ടര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വിശ്രമത്തില്‍. കാറ്റുവീശിയാലോ, മഴക്കാറ് കണ്ടാലോ കോപ്ടര്‍ പറക്കില്ല. വി.വി.ഐ.പികള്‍ക്ക് ചുറ്റിക്കറങ്ങാനും വ്യോമനിരീക്ഷണത്തിനുമാണെങ്കില്‍ റെഡി.
പൊതുമേഖലാസ്ഥാപനമായ പവന്‍ഹാന്‍സില്‍ നിന്ന് ഏപ്രില്‍ ഒന്നിനാണ് ഇരട്ട എഞ്ചിന്‍ ഹെലികോപ്ടര്‍ വാടകയ്ക്കെടുത്തത്. മാസം ഇരുപത് മണിക്കൂര്‍ പറക്കാന്‍ 18 ശതമാനം ചരക്കുസേവന നികുതിയടക്കം 1,70,63,000രൂപ. 20 മണിക്കൂറില്‍ കൂടിയാല്‍ മണിക്കൂറിന് 67,926 രൂപ വീതം. രോഗികളെ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള സംവിധാനമുണ്ടെന്നാണ് പറഞ്ഞിരുന്നത്. മേയ്9നും ജൂലായ്21നും അവയവമാറ്റത്തിനുള്ള ഹൃദയവുമായി കൊച്ചിയിലേക്ക് പറന്നു. ചീഫ്സെക്രട്ടറി വിശ്വാസ്‌മേത്തയും ഡിജിപി ലോക്നാഥ്ബെഹറയുമൊത്ത് റിട്ടയര്‍മെന്റിന്റെ തലേന്ന് ടോംജോസ് പമ്പയിലേക്ക് വിവാദയാത്ര നടത്തിയതും ഈ കോപ്ടറില്‍. ഇതുവരെ ചെലവ് 6.80കോടി.
നാല് മാസത്തിനിടെ 80 മണിക്കൂര്‍ പറക്കാമായിരുന്ന കോപ്ടര്‍ എട്ട് മണിക്കൂര്‍ പോലും പറന്നിട്ടില്ല. മാവോയിസ്റ്റുകളെ നിരീക്ഷിക്കാനെന്ന പേരില്‍ 10 ദിവസം മുന്‍പ് കോഴിക്കോട്ടെത്തിച്ചെങ്കിലും മഴയും കാറ്റും കാരണം പറക്കാനായില്ല. മുന്‍പ് അവയവങ്ങള്‍ കൊച്ചിയിലെത്തിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ എത്തിക്കാറുണ്ടായിരുന്നു. ഒരു ലക്ഷം രൂപയാണ് ചെലവ്. ഓഖി-പ്രളയകാലത്ത് വ്യോമനിരീക്ഷണത്തിനും സേനാഹെലികോപ്ടറാണ് ഉപയോഗിച്ചത്. 1.70കോടിക്ക് മൂന്ന് കോപ്ടര്‍ നല്‍കാമെന്ന് ബംഗളൂരുവിലെ ചിപ്‌സണ്‍ ഏവിയേഷന്‍ വാഗ്ദാനം ചെയ്തിരുന്നതാണ്. കേരളം 1.70കോടി നല്‍കിയ കോപ്ടറിന് ഛത്തീസ്ഗഡില്‍ 85 ലക്ഷമേ വാടകയുള്ളൂ.
പിന്നെന്തിന് കോപ്ടര്‍
*എല്ലാ കാലാവസ്ഥയിലും രാത്രിയിലടക്കം പറക്കാനും ഇറങ്ങാനുമുള്ള സംവിധാനമുണ്ടെന്നായിരുന്നു അവകാശവാദം. മഴയും കാറ്റുമുള്ളപ്പോള്‍ കാഴ്ച പരിധി കുറയുമെന്ന് ഇപ്പോഴത്തെ വാദം.
* സീറ്റുകള്‍ മാറ്റി എയര്‍ലിഫ്‌റ്റിംഗ് സാധിക്കുമെന്നാണ് കമ്പനി പറയുന്നതെങ്കിലും ജീവനക്കാര്‍ക്ക് ഇതിനുള്ള പരിശീലനമില്ല.
* വനത്തിനുള്ളില്‍ കഴിയുന്ന മാവോയിസ്റ്റുകള്‍ കോപ്ടറിന്റെ ശബ്ദം കേട്ട് കടന്നുകളയുമെന്ന് പോലീസ്.
“കാലാവസ്ഥ മോശമായത് കൊണ്ടാണ് രാജാമലയിലെ രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍ ഉപയോഗിക്കാതിരുന്നത്. ”
-പിണറായി വിജയന്‍
മുഖ്യമന്ത്രി