കൊല്ലം : പട്ടണത്തില്‍ എത്തുന്നവര്‍ക്കായി അഷ്ടമുടിയുടെ രുചിക്കൂട്ടും പുതുതലമുറയുടെ പ്രിയവിഭവങ്ങളും നിറച്ച പിങ്ക് കഫേ തയ്യാര്‍. പഴയ കെഎസ്‌ആര്‍ടിസി ബസില്‍ ഒരുക്കിയ പിങ്ക് കഫേ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്‌ഘാടനം ചെയ്‌തു. ആവിയില്‍ പുഴുങ്ങിയെടുത്ത നാടന്‍ വിഭവങ്ങളാണ് ഏറെയും. താലൂക്ക് കച്ചേരി ജങ്ഷനില്‍ കെഎസ്‌ആര്‍ടിസി ഡിപ്പോ ഗ്യാരേജിലാണ് ജില്ലാ കുടുംബശ്രീ മിഷന്‍ കഫേ ഒരുക്കിയിട്ടുള്ളത്.
കരിമീന്‍ മുതല്‍ കല്ലരിപ്പന്‍വരെ നീളുന്ന വിഭവ സമൃദ്ധിയാണ് കഫേയുടെ മുഖ്യ ആകര്‍ഷണം. ആവിയില്‍ പുഴുങ്ങിയ പലഹാരങ്ങള്‍ക്കൊപ്പം ന്യൂജെന്‍ വൈവിധ്യവും ഒരുക്കിയിട്ടുണ്ട്.ടീ സ്നാക്‌സിനു പുറമെ മീന്‍, ഇറച്ചി വിഭവങ്ങളും അഷ്ടമുടിക്കായലിലെ വിവിധ മത്സ്യവിഭവങ്ങളുമാണ് പ്രധാനം. കഫേയില്‍ അരമണിക്കൂര്‍ ചെലവഴിച്ച മന്ത്രി ചായയും ഇലയപ്പവും കഴിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴിലും നാട്ടുകാര്‍ക്ക് മിതമായ വിലയ്ക്ക് നല്ല ആഹാരവും വാടകയിനത്തില്‍ കെഎസ്‌ആര്‍ടിസിക്ക് വരുമാനവുമാണ് പുതുസംരംഭത്തിന്റെ പ്രത്യേകതയെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പറഞ്ഞു.
നീരാവില്‍ കുടുംബശ്രീ സംരംഭ ഗ്രൂപ്പായ കായല്‍ക്കൂട്ടാണ് പിങ്ക് കഫേ നടത്തിപ്പുകാര്‍. സംസ്ഥാന തലത്തില്‍ കുടുംബശ്രീ മിഷന്‍ കെഎസ്‌ആര്‍ടിസിയുമായി ചേര്‍ന്ന് വിഭാവനം ചെയ്‌ത ഫുഡ് ഓണ്‍ വീല്‍സ് പദ്ധതിയുടെ ഭാഗമാണ് ജില്ലയുടെ തനത് ഭക്ഷണവിഭങ്ങള്‍ ഒരുക്കുന്ന പിങ്ക് കഫേയും. ഉപയോഗശൂന്യമായ കെഎസ്‌ആര്‍ടിസി ബസ് ഒരു ലക്ഷം രൂപ ഡിപ്പോസിറ്റ് നല്‍കി മാസവാടകയ്ക്ക് കുടുംബശ്രീ ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് രൂപമാറ്റം വരുത്തി ഒരേസമയം 20 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ക്രമീകരണമുണ്ടാക്കി.
കലര്‍പ്പും മായവും ഇല്ലാത്ത ഭക്ഷണം കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും നല്‍കുകയാണ് ലക്ഷ്യമെന്ന് ജില്ലാ കുടുംബശ്രീ മിഷന്‍ കോ -ഓര്‍ഡിനേറ്റര്‍ വി ആര്‍ അജു പറഞ്ഞു. രാവിലെ എട്ടുമുതല്‍ രാത്രി 12വരെയാണ് പ്രവര്‍ത്തന സമയമെന്നും പിന്നീട് 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുമെന്നും ജില്ലാ പ്രോഗ്രാം മാനേജര്‍ എസ് നീരജ് പറഞ്ഞു. കോര്‍പറേഷന്‍ സ്ഥിരംസമിതി ചെയര്‍മാന്‍ എസ് ജയന്‍ അധ്യക്ഷനായി. കുടുംബശ്രീ കോ –ഓര്‍ഡിനേറ്റര്‍ വി ആര്‍ അജു, ഡിടിഒ ആര്‍ മനീഷ്, കൗണ്‍സിലര്‍ സിന്ധുറാണി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബീമ, ബി ഉന്മേഷ്, എസ് നീരജ്, വിഷ്ണുപ്രസാദ്, ആതിരാക്കുറുപ്പ്, സീമ സുരേഷ് എന്നിവര്‍ സംസാരിച്ചു.