മണ്ടച്ചൻപാറ : ഏഴംകുളം-ഏനാത്ത് മിനി ഹൈവേയിൽ പൈപ്പ് പൊട്ടൽ തുടരുന്നു. പൊട്ടിയ ഇടങ്ങളിലെ പൈപ്പ് കൃത്യമായി നന്നാക്കാൻ അധികൃതർ തയ്യാറാവുന്നില്ല. പൊട്ടിയ പൈപ്പുവഴി വെള്ളം ഒഴുകി മിനി ഹൈവേയിൽ വ്യാപകമായി വിള്ളൽ വീഴുന്നുണ്ട്. ഏനാത്ത് ഗവ. യുപി സ്കൂളിന് സമീപവും മണ്ടച്ചൻപാറയ്ക്ക് സമീപവും വലിയ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. ഏഴംകുളം, മാങ്കൂട്ടം ഭാഗങ്ങളിൽ നേരത്തെ ഇത്തരത്തിൽ പൈപ്പ് പൊട്ടി കുഴികൾ രൂപപ്പെട്ടിരുന്നു. നിലവിൽ അതെല്ലാം നന്നാക്കി. ഇപ്പോൾ ഏനാത്ത് ഭാഗത്താണ് പലയിടത്തും പൈപ്പുകൾ പൊട്ടിയിട്ടുള്ളത്.
പൈപ്പ് പൊട്ടി ഉണ്ടാകുന്ന കുഴികൾ അടച്ചാലും വെള്ളം ഒഴുകുന്നത് കാരണം വീണ്ടും വിള്ളലാവുകയാണ്. ഓരോദിവസവും വിള്ളലിന്റെ വ്യാപ്തി വർധിക്കുന്നുണ്ട്. പൊട്ടിയ പൈപ്പിലൂടെ ലിറ്റർ കണക്കിന് വെള്ളമാണ് പാഴായി പോകുന്നത്. ഏഴംകുളം പഞ്ചായത്തിന്റെ ഈട്ടിമൂട്, കൊയ്‌പള്ളിമലപോലെയുള്ള പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ളപ്രശ്നം നേരിടുന്നുണ്ട്. പലയിടത്തും പൈപ്പ് ലൈൻ വഴി വെള്ളം ലഭിക്കുന്നില്ലെന്ന് വ്യാപക പരാതിയുമുണ്ട്. ഇതേ സമയത്താണ് മിനി ഹൈവേയിൽ പൈപ്പുപൊട്ടി വെള്ളം പാഴാകുന്നത്.