കോട്ടയം : തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതത്തില്‍നിന്ന് കരകയറാനാകാതെ ബിജെപി സംസ്ഥാന നേതൃത്വം. ഓണ്‍ലൈനില്‍ പേരിന് യോഗം ചേര്‍ന്നതല്ലാതെ തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യാന്‍ സംസ്ഥാന സമിതിയോഗം വിളിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. പാര്‍ട്ടിയില്‍നിന്ന് അകന്നു കഴിയുന്നവരെ ഒരുമിപ്പിച്ച് കൊണ്ടുപോകാന്‍ ശ്രമങ്ങളില്ലാത്തതിലും സംഘടനയില്‍ അമര്‍ഷം പുകയുന്നുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പുറമെ കൊടകര കുഴല്‍പ്പണക്കേസിന്റെ നിഴലിലും സംസ്ഥാന നേതാക്കള്‍പെട്ടതോടെ കടുത്ത പ്രതിരോധത്തിലാണ് ബിജെപി നേതൃത്വം. ചില നേതാക്കളുടെ അവധാനതയില്ലായ്മ കാരണം കൊടകര കുഴല്‍പ്പണക്കേസില്‍ ആര്‍എസ്എസിനെ അനാവശ്യമായി വലിച്ചിഴച്ചെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
തെരഞ്ഞെടുപ്പിലെ തോല്‍വി പഠിക്കാന്‍ സംസ്ഥാന നേതാക്കളുടെ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. അകന്നുകഴിയുന്ന നേതാക്കളെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഒരുമിച്ച് കൊണ്ടുപോകണമെന്ന മുതിര്‍ന്ന നേതാക്കളുടെ നിർദേശവും ഫലവത്തായില്ല.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി നേതൃത്വത്തില്‍ നിന്ന് അകന്നുകഴിയുന്ന സംഘടനാ ജോയിന്റ് സെക്രട്ടറി കെ. സുഭാഷ് ഇതിന് ഉദാഹരണമാണ്. കെ.ആര്‍.ഉമാകാന്തന്‍ സംഘടനാ സെക്രട്ടറിയായിരുന്ന കാലത്ത് സഹസംഘടനാ സെക്രട്ടറിയായിരുന്നു സുഭാഷ്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഏറ്റവും താഴെ തലംവരെ മികച്ച പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധനേടിയയാളാണ്. വിശേഷിച്ച് വടക്കന്‍ കേരളത്തില്‍. ഉമാകാന്തന് പകരം എം.ഗണേശന്‍ സംഘടനാ സെക്രട്ടറിയായപ്പോഴും സുഭാഷിനെ അതേപദവിയില്‍ തന്നെ നിയോഗിച്ചു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം വിട്ടുനില്‍ക്കുകയാണ്. ഗണേശന്‍, സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എന്നിവരുമായുള്ള ഭിന്നതകളാണ് കാരണം.
തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും ശോഭാ സുരേന്ദ്രനും അവരെ അനുകൂലിക്കുന്നവരും അകല്‍ച്ചയില്‍ തന്നെ. ഹെലികോപ്ടര്‍ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോകില്ലെന്ന തുറന്നടിച്ച മുന്‍സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭനെ അനുനയിപ്പിക്കാനും ഒരുശ്രമവും ഉണ്ടായില്ല.