കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് കോന്നിയിൽ സ്ഥാപിച്ച വാട്ടർ അതോറിറ്റി പൈപ്പ് ലൈനുകൾ പൊട്ടുന്നത് പതിവാകുന്നു. സംസ്ഥാന പാത നിർമ്മാണവുമായി ബന്ധപ്പെട്ട് കോടികൾ മുടക്കിയാണ് പൈപ്പുകൾ സ്ഥാപിക്കുന്നത്. എന്നാൽ ഇത് സ്ഥാപിച്ച പലയിടത്തും പൈപ്പ് പൊട്ടി കുടിവെള്ളം നടുറോഡിൽ പാഴാകുന്ന അവസ്ഥയാണ്. കോന്നി സെൻട്രൽ ജംഗ്ഷൻ, ടാക്സി സ്റ്റാൻഡ്, റിപ്പബ്ലിക്കൻ സ്കൂൾ പടി തുടങ്ങി പല ഇടത്തും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്.
പലപ്പോഴും മണിക്കൂറുകളോളം വെള്ളം നഷ്ടമായതിനു ശേഷമാണ് ഇത് പരിഹരിക്കപെടുക. ചിലപ്പോഴൊക്കെ ഇത് ദിവസങ്ങൾ നീണ്ടുപോകാറുണ്ട്. റോഡിൽ കെട്ടി കിടക്കുന്ന ചെളി വെള്ളം യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. വ്യാസം കുറഞ്ഞതോ നിലവാരം കുറഞ്ഞതോ ആയ പൈപ്പുകൾ കരാർ കമ്പനികൾ ഉപയോഗിക്കുന്നത് കൊണ്ടാകാം ഇത്തരത്തിൽ പൈപ്പ് പൊട്ടുന്നത് എന്ന് ആക്ഷേപം ഉയരുന്നുണ്ട്. റോഡിൽ പലയിടത്തും ഇത്തരത്തിൽ പൈപ്പ് പൊട്ടിയ ഭാഗത്ത് വലിയ കുഴികൾ നിർമ്മിച്ചിട്ടിരിക്കുന്നതും കാണാൻ കഴിയും. വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡിൽ കെട്ടി കിടക്കുന്ന ചെളി വെള്ളം യാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നതും സ്ഥിരം സംഭവം ആണ്.