പാലാ : കോട്ടയം ജില്ലാ പഞ്ചായത്ത് വിഷയത്തിൽ ജോസ് വിഭാഗം ഉന്നയിച്ച ന്യായമായ ഉപാധികൾക്ക് പോലും വഴങ്ങാത്ത പിജെ ജോസഫ് വിഭാഗം യുഡിഎഫിൽ ഒറ്റപ്പെടുന്നു . മാണി വിഭാഗം മത്സരിച്ച ജില്ലാ പഞ്ചായത്ത് സീറ്റുകൾ വിട്ടു തരണമെന്ന ജോസ് വിഭാഗത്തിന്റെ ആവശ്യത്തിന് ലീഗിന്റെയും കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റേയും പിന്തുണയുണ്ട് . എന്നാൽ പിജെ ജോസഫ് അത് അംഗീകരിക്കുന്നില്ല. ഇതോടുകൂടി ജോസഫിന് ജോസഫിന്റെ വഴിയാകട്ടേ എന്ന് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് ജോസഫിനോട് നേരിട്ട് പറഞ്ഞുവെന്നാണ് അറിയുന്നത് .
ജോസഫിന്റെ പിടിവാശിയിൽ സ്വന്തം ഗ്രൂപ്പിൽ തന്നേ എതിർസ്വരം ഉയരുന്നുണ്ട്. ഇനിയൊരു മുന്നണി മാറ്റത്തിന് തയ്യാറല്ലാത്ത ഫ്രാൻസിസ് ജോർജും യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂരുമാണ് അവർ . ജില്ലാ പഞ്ചായത്ത് സീറ്റിൽ വിട്ടു വീഴ്ച ചെയ്ത് പ്രശ്നം പരിഹരിച്ച് യുഡിഎഫിൽ നിൽക്കണം എന്നാണ് അവരുടെ നിർദ്ദേശം. മുതിർന്ന നേതാവ് സിഎഫ് തോമസിനും മുന്നണി മാറ്റത്തോട് യോജിപ്പില്ല. എന്നാൽ സ്വന്തം ശാഠ്യത്തിന് വേണ്ടി എന്തും ചെയ്യുന്ന പിജെ ജോസഫിന്റെ വാശി തന്നേ സ്വന്തം പാർട്ടിക്ക് തലവേദനയായിരിക്കുകയാണ് . പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ രണ്ട് തവണ മുന്നണി മാറിയ ജോസഫിന് ഇനിയൊരു ചാട്ടത്തിന് ഒരു മടിയുമില്ലെന്ന് കൂടെ നില്‍ക്കുന്നവര്‍ക്കും വ്യക്തമായിക്കഴിഞ്ഞു .
അതിനിടയിൽ ജോസഫ് വിഭാഗം സൈബർ വിംഗ് കോൺഗ്രസ് നേതൃത്വത്തിനും ലീഗിനുമെതിരെ അപവാദ പ്രചരണം ആരംഭിച്ചു. അവിശുദ്ധ സാമ്പത്തിക കൂട്ടുകെട്ടാണ് യുഡിഎഫ് മുന്നണിയെന്ന് എബിൻ ജോൺ വർഗീസ് എന്ന ജോസഫ് ഫേക് ഐഡിയിലൂടെ പ്രചരിപ്പിക്കുന്നു . എബി ജോർജ് കല്ലറക്കൽ എന്ന വ്യക്തി പപ്പുമോനും യുഡിഎഫ് സാമ്പത്തിക ഇടപാടിൽ ഒരു ഓഹരി കിട്ടിയെന്ന് പറഞ്ഞ് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയെപ്പോലും അപമാനിച്ചിരിക്കുകയാണ് . ജോബി ജോൺ എന്ന തൊടുപുഴ സ്വദേശി എബി ജോർജിന്റെ രാഹുലിനെ പരിഹസിച്ചുളള കമന്റിന് ലൈക്കും അടിച്ചിട്ടുണ്ട് . രണ്ടു പേരും ജോസഫ് വിഭാഗം സൈബർ വിംഗിന്റെ പോരാളികളാണ് . മറ്റൊരു പോരാളിയായ ബിനു ലോറൻസ് എബിൻ ജോൺ വർഗീസിന്റെ കമന്റിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് പലയിടത്തും പ്രചരിപ്പിക്കുന്നു . ഇവരേപ്പോലെ മറ്റ് പല ജോസഫ് സൈബർ പോരാളികളും കോൺഗ്രസ് പാർട്ടിയേയും നേതാക്കളേയും രാഹുൽ ഗാന്ധിയെപ്പോലും അവഹേളിച്ച് പോസ്റ്റും കമന്റും വ്യാപകമായി പ്രചരിപ്പിക്കുകയാണ് . ഇടത്തേക്കുളള പിജെ ജോസഫിന്റെ ചാട്ടത്തിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത് . ജോസഫ് വിഭാഗത്തിന്റെ നീക്കങ്ങൾ കോൺഗ്രസ് പാർട്ടിക്കാർ സസൂഷ്മം നിരീക്ഷിക്കുകയാണ് . ജോസഫിന് ഇതുവരെ കൊടുത്തു കൊണ്ടിരുന്ന പിന്തുണ ഇനി നൽകാനാവില്ല എന്നാണ് പല കോൺഗ്രസുകാരുടെയും അഭിപ്രായം.